കാൻസർ ബാധിതയായ അമ്മയുടെ പരിചരണവും യുപിഎസ്‍സി തയ്യാറെടുപ്പും; പല്ലവിയുടെ ഐഎഎസ് നേട്ടമിങ്ങനെ

കാൻസർ ബാധിതയായ അമ്മയുടെ പരിചരണവും യുപിഎസ്‍സി തയ്യാറെടുപ്പും; പല്ലവിയുടെ ഐഎഎസ് നേട്ടമിങ്ങനെ

ഇൻഡോർ: എത്ര വലിയ പ്രതിസന്ധികൾക്കിടയിലും ജീവിത ലക്ഷ്യത്തെ എത്തിപ്പിടിക്കാൻ പരിശ്രമിക്കുന്ന ചിലരുണ്ട്. അവരിലൊരാളാണ് പല്ലവി വർമ്മ (Pallavi Verma) എന്ന പെൺകുട്ടി. കഠിനാധ്വാനവും സ്ഥിരോത്സാഹവും ജീവിത വിജയത്തെ സാധ്യമാക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ (IAS Officer) ഐഎഎസ് ഉദ്യോ​ഗസ്ഥ. 2020ലാണ് പല്ലവി യുപിഎസ്‍സി പരീക്ഷയിൽ (UPSC Examination) യോ​ഗ്യത നേടുന്നത്. നീണ്ട ഏഴുവർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു പല്ലവിക്ക് ഐഎഎസ്. 340-ാം റാങ്കോടെയാണ് സിവിൽ സർവ്വീസ് പരീക്ഷ (Civil Service Exam) പാസ്സായി ഐഎഎസ് നേടിയത്. 

ഇൻഡോർ സ്വദേശിയായ പല്ലവി  സ്കൂൾ വിദ്യാഭ്യാസവും ബയോടെക്നോളജിയിൽ ബിരുദവും നേടിയത് ഇൻഡോറിൽ നിന്ന് തന്നെയാണ്. സർവ്വകലാശാലയിൽ പോകാനും പഠിക്കാനും സാധിച്ച കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടി. ബിരുദം നേടിയ ശേഷം 10-11 മാസം ചെന്നൈയിൽ സോഫ്റ്റ്‌വെയർ ടെസ്റ്ററായി ജോലി ചെയ്ത പല്ലവി 2013നു ശേഷം സിവിൽ സർവീസസ് പരീക്ഷയുടെ തയ്യാറെടുപ്പിൽ മുഴുകി.

2013 മുതൽ 2020 വരെ പരീക്ഷയെഴുതി. മൂന്ന് തവണ പ്രിലിമിനറിയിൽ പരാജയപ്പെട്ടു, മൂന്ന് തവണ ഇന്റർവ്യൂവിൽ എത്തിയിട്ടും വിജയിച്ചില്ല. എന്നാൽ  2020-ലെ ഏഴാമത്തെ ശ്രമത്തിൽ, 340-ാം റാങ്ക് നേടി പല്ലവി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഏഴാം ശ്രമത്തിൽ യുപിഎസ്‌സി ലിസ്റ്റിൽ ഇടം നേടാൻ സാധിച്ചങ്കിലും ഇത്തവണയും ഭാഗ്യവുമായി പല്ലവിക്ക് പോരാടേണ്ടി വന്നു.  2020 ലെ പരീക്ഷ എഴുതുന്ന സമയത്താണ് അവളുടെ അമ്മ ക്യാൻസർ ബാധിക്കുന്നതും കീമോതെറാപ്പിക്ക് വിധേയമാകുന്നതും. ഏതൊരു കുട്ടിക്കും മാതാപിതാക്കളെ ഇത്തരമൊരു അവസ്ഥയിൽ കാണേണ്ടി വരുന്നത് വളരെ സങ്കടമാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും അമ്മയുടെ പരിചരണവും ഒപ്പം യുപിഎസ്‍സി തയ്യാറെടുപ്പും പല്ലവി മുന്നോട്ടു കൊണ്ടുപോയി. 

ആവർത്തിച്ചുള്ള പരാജയങ്ങളിൽ മനംമടുത്ത പല്ലവി തോറ്റുകൊടുക്കാൻ മനസ്സു കൊണ്ട് തയ്യാറെടുപ്പ് നടത്തിയെങ്കിലും പ്രോത്സാഹനം നൽകി, പ്രചോദനമായി കൂടെ നിന്നത് അവളുടെ മാതാപിതാക്കളായിരുന്നു. ബന്ധുക്കളുടെ പരിഹാസത്തിന് മുന്നിലും പല്ലവി സമചിത്തതയോടെ നിന്നു.  2013ൽ പരീക്ഷയുടെ പാറ്റേൺ അറിയാതെ മുന്നൊരുക്കങ്ങളിലേക്ക് കടന്നതായിരുന്നു പല്ലവിയുടെ പരാജയത്തിന് കാരണം. ഏഴാമത്തെ ശ്രമത്തിൽ, അതായത്, 2020ൽ, അവൾ അവളുടെ ബലഹീനതകൾ തിരുത്തി, തയ്യാറെടുപ്പിന്റെ രീതികൾ മാറ്റി. ടൈംടേബിൾ ഉണ്ടാക്കി ലൈബ്രറിയിൽ പോയി തയ്യാറെടുപ്പ് തുടങ്ങി. ഈ മാറ്റങ്ങളും കഠിനാധ്വാനവും ഒടുവിൽ അവളെ വിജയിപ്പിക്കുകയും ഒരു ഐഎഎസ് ഓഫീസറാകാനുള്ള അവളുടെ സ്വപ്നം നിറവേറ്റുകയും ചെയ്തു.