എതിർ സ്ഥാനാർഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിളള രാജുവിന്റെ വിമർശനം

എതിർ സ്ഥാനാർഥികൾക്കെതിരെ സിദ്ദീഖ്  പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിളള രാജുവിന്റെ വിമർശനം

കൊച്ചി: അമ്മ തെരഞ്ഞെടുപ്പുമായി(AMMA Election) ബന്ധപ്പെട്ട് നടൻ സിദ്ദീഖിനെതിരെ(Siddique) മണിയൻ പിള്ള രാജു (Maniyan Pillai Raju) രംഗത്തെത്തി. എതിർ സ്ഥാനാർഥികൾക്കെതിരെ സിദ്ദീഖ്  പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിളള രാജുവിന്റെ വിമർശനം. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ടെന്ന് രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‌‌വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് രാജു മത്സരിക്കുന്നുണ്ട്. 

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും  വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നും സിദ്ദീഖിൻ്റെ പോസ്റ്റിലുണ്ട്‌‌‌‌‌. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുക.

നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇ‍ടവേള ബാബുവും എതിരില്ലാതെ തെര‌ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദേശിച്ചത് ശ്വേതാ മേനോന്‍റെയും ആശാ ശരത്തിന്‍റെയും പേരുകളാണ്. എന്നാൽ മണിയൻ പിളള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും