രാജ്യത്ത് ഒരു ലക്ഷം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹീറോ ഇലക്ട്രിക്

രാജ്യത്ത് ഒരു ലക്ഷം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹീറോ ഇലക്ട്രിക്

ന്ത്യയിലുടനീളം ഒരു ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബെംഗളൂരു (Bangalore) ആസ്ഥാനമായുള്ള ചാർസർ (Charzer) എന്ന ഇവി ചാർജിംഗ് സ്റ്റാർട്ടപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക് (Hero Electric). അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയും നിർമ്മാതാക്കൾക്ക് ഇടയിൽ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ നിലവാരം പുലർത്താൻ കമ്പനി സഹായിക്കുകയും ചെയ്യും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിൽ രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയിൽ ഹീറോ ഇലക്ട്രിക്കാണ് മുൻതൂക്കം. അതുകൊണ്ടു തന്നെ ശക്തമായ പിന്തുണ നൽകുന്ന ഇൻഫ്രാസ്ട്രക്ചർ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. പുതിയ പദ്ധതിയുടെ ഭാഗമായി ആദ്യ വർഷം തന്നെ 30 നഗരങ്ങളിലായി 10,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഹീറോ ഇലക്ട്രിക് ഡീലർഷിപ്പുകളില്‍ ഉടനീളമുള്ള ചാർജറുകളും ഇതിൽ ഉൾപ്പെടും. ചാർസർ മൊബൈൽ ആപ്പും വെബ്‌സൈറ്റും അടുത്തുള്ള ചാർജിംഗ് സ്റ്റേഷൻ കണ്ടെത്താൻ ഉടമകളെ സഹായിക്കും.

ഉൽപ്പന്നത്തിന്റെ ശ്രേണി മുതൽ പ്രകടനം വരെ ചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യത ഉള്‍പ്പെടെ ഇലക്ട്രിക് വാഹനങ്ങളുടെ വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു.  ഇന്ത്യയിലെ കൂടുതൽ വീടുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിൽ ഈ ഘടകങ്ങൾക്കെല്ലാം പങ്കുണ്ട്.  ഇവികളുടെ വളർച്ചയെ മുന്നോട്ട് കൊണ്ടുപോകാനുള്ള കമ്പനിയുടെ കാഴ്‍ചപ്പാടും പ്രതിബദ്ധതയും ഉപയോഗിച്ച്, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിന് കർശനമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാര്‍സറുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത് വൃത്തിയുള്ളതും ഹരിതവുമായ മൊബിലിറ്റി സൊല്യൂഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നും സോഹിന്ദർ ഗിൽ വ്യക്തമാക്കി. 

ഇൻഫ്രാസ്ട്രക്ചറിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ലുധിയാനയിലെ പ്ലാന്റിൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള പദ്ധതികൾ ഹീറോ ഇലക്ട്രിക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. 2022 മാർച്ചോടെ ഉൽപ്പാദന ശേഷി പ്രതിവർഷം അഞ്ച് ലക്ഷം യൂണിറ്റായി ഉയർത്തുമെന്നാണ് കമ്പനി നേരത്തെ സ്ഥിരീകരിച്ചത്. പ്രതിവർഷം ഒരു ദശലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിക്കുന്നതിനായി കമ്പനി അതിന്റെ ഉൽപ്പാദന ശേഷി വിപുലീകരിക്കും.ഡിമാൻഡ് വർധിക്കാൻ സാധ്യതയുണ്ടെങ്കിലും, ഇവി സ്‌പെയ്‌സിൽ കിരീടം നിലനിർത്താൻ ഒല ഇലക്ട്രിക്, ആതർ, ഒകിനാവ തുടങ്ങിയ പുതിയ എതിരാളികളെ നേരിടാനും ഹീറോ ഇലക്ട്രിക് ശ്രമിക്കുന്നു.