കോലി; ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു.

കോലി; ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു.

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ സ്ഥാനമുള്ളയാളാണ് വിരാട് കോലി. ലോക ക്രിക്കറ്റിലെ തന്നെ മികച്ച ബാറ്റർമാരിൽ ഒരാളും. ഇക്കാരണങ്ങളാൽ തന്നെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന കോലിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തിന് ഒന്നാകെ ഞെട്ടലായിരിക്കുന്നത്. വെറുമൊരു ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പര തോൽവിയല്ല കോലിയുടെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് വ്യക്തം.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

2014-ൽ എം.എസ് ധോനിയിൽ നിന്ന് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലി ഈ വർഷം വരെ 68 ടെസ്റ്റുകളിൽ ടീമിനെ നയിച്ചു. 40 എണ്ണത്തിൽ ടീം ജയിക്കുകയും ചെയ്തു. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.

'ഏഴു വർഷത്തെ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ടീമിനെ ശരിയായ ദിശയിൽ കൊണ്ടുപോയത്. തികച്ചും സത്യസന്ധമായിട്ടാണ് ഞാൻ എന്റെ ജോലി ചെയ്തത്. ഒരു ഘട്ടത്തിൽ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ അതിനുള്ള സമയമെത്തിയിരിക്കുകയാണ്.' - കോലി കുറിച്ചു.

എപ്പോഴും എല്ലാ കാര്യത്തിലും തന്റെ കഴിവിന്റെ 120 ശതമാനം നൽകമെന്ന് വിശ്വസിച്ചിരുന്നയാളാണ് താനെന്നും കോലി ചൂണ്ടിക്കാട്ടി. ഇത്രയും കാലം രാജ്യത്തെ നയിക്കാൻ എനിക്കു അവസരം നൽകിയതിനു ബിസിസിഐയോടു നന്ദി പറഞ്ഞ കോലി, ഒരു ഘട്ടത്തിലും തളരാതെ തനിക്കുണ്ടായിരുന്ന കാഴ്ചപ്പാടിനെ യാഥാർഥ്യമാക്കാൻ സഹായിച്ച എല്ലാ ടീമംഗങ്ങൾക്കും നന്ദിയറിയിച്ചു. ഇതോടൊപ്പം മുൻ പരിശീലകൻ രവി ശാസ്ത്രിക്കും മുൻ ക്യാപ്റ്റൻ എം.എസ് ധോനിക്കും കോലി തന്റെ കുറിപ്പിൽ നന്ദിയറിയിച്ചിട്ടുണ്ട്.

ഓസീസ് മണ്ണിൽ രണ്ടു തവണ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടിയപ്പോൾ കോലിയായിരുന്നു ക്യാപ്റ്റൻ.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസിഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടർന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോലി പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ കോലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ചിരിക്കുന്നത്.