ക്യാച്ച് നഷ്ടമാക്കിയ പാക് താരത്തിന്‍റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് വധഭീഷണി

ക്യാച്ച് നഷ്ടമാക്കിയ പാക് താരത്തിന്‍റെ ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് വധഭീഷണി

ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച്‌ വിട്ടതെന്നും ക്യാച്ച്‌ വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും പാക് ആരാധകർ ആരോപിക്കുന്നു...

ദുബായ്: ഐസിസി ടി20 ലോകകപ്പ് (ICC T20 World cup) സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്‍റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തിൽ നിർണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസൻ അലിയുടെ ഭാര്യയ്ക്കെതിരെയാണ് വധഭീഷണി ഉയർന്നത്. ഹസൻ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്ന് റിപ്പോർട്ടുണ്ട്. മത്സരത്തിൽ ഏറെ റൺസ് വഴങ്ങിയ ഹസൻ അലി, പത്തൊമ്പതാം ഓവറിൽ ഓസീസിനെ ജയിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ച മാത്യൂ വെയ്ഡിന്‍റെ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തു. ഇതോടെ ഹസൻ അലിക്കെതിരെ അധിക്ഷേപവും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ.

ഹസൻ അലി ക്യാച്ച് നഷ്ടമാക്കിയതിന് പിന്നാലെ ഷഹീൻ അഫ്രിദിയെ മൂന്നു സിക്സർ പറത്തിയാണ് മാത്യു വെയ്ഡ് ഓസീസ് ജയം ഉറപ്പാക്കിയത്. 19ാം ഓവറിലെ മൂന്നാമത്തെ പന്തിൽ മിഡ് വിക്കറ്റിലേക്ക് മാത്യു വെയ്ഡ് അടിച്ചതെങ്കിലും ടൈമിങ് തെറ്റിയതോടെ, ഹസൻ അലിക്ക് ക്യാച്ച് ചെയ്യാനുള്ള അവസരമായി മാറി. എന്നാൽ ഓടിയെത്തിയ ഹസൻ അലിക്ക് പിഴച്ചതോടെ, മാത്യു വെയ്ഡിന് ലൈഫ് ലഭിച്ചു.

ഇതിനു പിന്നാലെയാണ് പാകിസ്ഥാന്‍റെ ടൂർണമെന്‍റിലെ ഹീറോയായ ഷഹീൻ അഫ്രിദിയ്ക്കെതിരെ മാത്യു വെയ്ഡ് മൂന്നു സിക്സർ പറത്തിയത്. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങിയതിനൊപ്പം നിര്‍ണായക ക്യാച്ചും നഷ്ടപ്പെടുത്തിയതിന് പിന്നാലെ ഹസന്‍ അലിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ അധിക്ഷേപ കമന്റുകളാണ് നിറയുന്നത്.

ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച്‌ വിട്ടതെന്നും ക്യാച്ച്‌ വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. കൂടാതെ, ഹസന്‍ അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില്‍ അസഭ്യ വർഷം തുടരുകയാണ്. നേരത്തെ ഇന്ത്യ പാകിസ്ഥാനെതിരെ തോറ്റപ്പോൾ, ഇന്ത്യൻ പേസർ മൊഹമ്മദ് ഷമിക്കെതിരെ ഇന്ത്യൻ ആരാധകരും ഇത്തരത്തിൽ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരുന്നു. ഷമിയെ പിന്തുണച്ച, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ മകളെ പീഡിപ്പിക്കുമെന്ന ഭീഷണിയും ഉയർന്നിരുന്നു. ഈ സംഭവത്തിൽ പിന്നീട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.