60 വർഷം 'ലിവ് ഇൻ' റിലേഷനിൽ, ഇപ്പോൾ മക്കളും പേരക്കുട്ടികളും പങ്കെടുത്തൊരു വിവാഹം

60 വർഷം 'ലിവ് ഇൻ' റിലേഷനിൽ, ഇപ്പോൾ മക്കളും പേരക്കുട്ടികളും പങ്കെടുത്തൊരു വിവാഹം

അലക്സും (Alex) ജെയ്ൻ ഹാമിൽട്ടണും (Jane Hamilton) 1956 -ൽ ബർമിംഗ്ഹാമിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. ആ സമയത്ത് ഇരുവർക്കും വേറെവേറെ കുടുംബങ്ങളുണ്ടായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം, അവർ ദമ്പതികളായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അലക്സിന്റെ സ്വന്തം നഗരമായ എഡിൻബർഗിൽ (Edinburgh) വിവാഹം ചെയ്യാതെ തന്നെ അവർ ഒന്നിച്ച് താമസിച്ചു. ഒരുപക്ഷേ 'ലിവ് ഇൻ' ബന്ധങ്ങളെ കുറിച്ച് കേട്ടുകേൾവി കൂടിയില്ലാത്ത ഒരു കാലത്തായിരുന്നു അതെന്ന് ഓർക്കണം. ആറ് പതിറ്റാണ്ടുകൾ ഒരുമിച്ച് കഴിഞ്ഞതിന് ശേഷം, ഒടുവിൽ ഇപ്പോൾ ഇരുവരും വിവാഹിതരായി (married).  

അലക്സിന് 91 -ഉം ജെയിന് 89 -ഉം ആണ് പ്രായം. 1963 -ലെ വാലന്റൈൻസ് ദിനത്തിലാണ് ഇരുവരും ഒളിച്ചോടിപ്പോയി സ്വന്തമായി ഒരു കുടുംബം തുടങ്ങിയത്. 60 വർഷത്തോളം അവർ ഒരു കൂരയ്ക്ക് താഴെ പരസ്പരം സ്നേഹിച്ച് ജീവിച്ചു. അവർക്ക് രണ്ടുപേർക്കും ചേർന്ന് അഞ്ച് കുട്ടികളുമുണ്ട്. എന്നാൽ, അടുത്തിടെയാണ് ഈ ബന്ധം ഔദ്യോഗികമാക്കാൻ അവർ തീരുമാനിച്ചത്.

ഇരുവരും ശനിയാഴ്ച യുകെയിലെ ക്ലാക്ക്‌മന്നൻഷെയറിലെ ടിലിക്കോൾട്രിയിലുള്ള അവരുടെ ഇടവക പള്ളിയിൽ വച്ച് വിവാഹിതരായി. അവരുടെ രണ്ട് പെൺമക്കളായ സാലിയും കേറ്റും അലക്‌സിന്റെ മക്കളായ ഗോർഡനും നീലും ജെയ്‌നിന്റെ മകൾ ബെവർലിയും അവരുടെ 11 പേരക്കുട്ടികളും ആഘോഷങ്ങളിൽ പങ്കുചേർന്നു. അടുത്ത മാസം ഹണിമൂണിന് പോകാൻ പദ്ധതിയിടുകയാണ് ഇരുവരും. "എനിക്ക് വല്ലാത്ത സന്തോഷം തോന്നുന്നു. കല്യാണം അതിമനോഹരമായിരുന്നു. എല്ലാവരും ആസ്വദിച്ചു. എല്ലാംകൊണ്ടും പെർഫെക്റ്റ് ആയിരുന്നു അത്. ഞങ്ങളുടെ എല്ലാ മക്കളും പേരക്കുട്ടികളും കല്യാണത്തിന് വന്നിരുന്നു" ജെയ്ൻ ബിബിസി റേഡിയോ സ്കോട്ട്ലൻഡിന്റെ ഡ്രൈവ്ടൈം പ്രോഗ്രാമിനോട് പറഞ്ഞു.

തങ്ങളുടെ ബന്ധത്തിന്റെ ആദ്യനാളുകളിൽ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും, പ്രാരാബ്ധങ്ങൾക്കിടയിൽ അത് നടന്നില്ലെന്ന് അവർ പറഞ്ഞു. സ്വന്തമായി ബട്ടർ ആൻഡ് ചീസ് കമ്പനി നടത്തുകയായിരുന്നു അന്നവർ. തിരക്കേറിയ ആ ജീവിതം കാരണം ഒരിക്കലും വിവാഹവുമായി മുന്നോട്ട് പോകാൻ സാധിച്ചില്ലെന്ന് ദമ്പതികൾ പറഞ്ഞു. പ്രണയാർദ്രമായ അറുപത് വർഷത്തെ ജീവിതത്തിന്റെ പൂർത്തീകരണമാണ് ഇപ്പോഴുള്ള ഈ വിവാഹമെന്ന് അലക്‌സ് പറഞ്ഞു.

"അവിശ്വസനീയമായിരുന്നു വിവാഹം. എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്ന മനോഹരമായ ഒരു കുടുംബമാണ് ഞങ്ങൾക്കുള്ളത്. കഴിയുന്നിടത്തോളം കാലം നന്നായി ജീവിക്കുക, നമ്മുടെ ജീവിതത്തിൽ അവശേഷിക്കുന്നതിനെ പരമാവധി പ്രയോജനപ്പെടുത്തുക, വരുന്നതെല്ലാം സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ജീവിത സങ്കല്പം" അദ്ദേഹം പറഞ്ഞു. ഇനി വിവാഹം ചെയ്താലും, ഇല്ലെങ്കിലും തങ്ങൾ ജീവിതകാലം മുഴുവൻ ഒന്നിച്ച് തന്നെയായിരിക്കുമെന്ന് ജെയ്ൻ പറഞ്ഞു. "ഞാൻ ആദ്യമായി അലക്‌സിനെ കണ്ടുമുട്ടിയപ്പോൾ, അവന്റെ കവിൾത്തടമാണ് ഞാൻ ശ്രദ്ധിച്ചത്. അത് കണ്ടതോടെ ഞാൻ വീണു" അവൾ പറഞ്ഞു. 1960 -കളിൽ ദമ്പതികൾ ആദ്യമായി ഒന്നിച്ച് യാത്ര പോയ യുകെയിലെ റിസോർട് ടൗണായ ഒബാനിലേക്ക് തന്നെയാണ് ഇപ്പോൾ മധുവിധുവിനായി പോകുന്നത്. മൂന്ന് രാത്രികൾ അവിടെ കഴിയാനാണ് ദമ്പതികൾ പദ്ധതിയിടുന്നത്.