അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ സന്തോഷം'; പിണറായിയോട് സുധാകരന്‍

അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ സന്തോഷം'; പിണറായിയോട് സുധാകരന്‍

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രൂക്ഷമായ ഭാഷയിൽ പിണറായി വിജയനെ വിമർശിച്ചുള്ള കത്ത് സുധാകരൻ ട്വിറ്ററിൽ പങ്കുവെച്ചു.

കേരളത്തിൽ കോവിഡ് കുതിച്ചുയരുന്ന സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും പാർട്ടി സമ്മേളനങ്ങളാണ് അതിന് കാരണമെന്നും സുധാകരൻ കത്തിൽ പറയുന്നു. പിണറായിയുടെ അഭാവത്തിൽ മരുമകൻ മുഹമ്മദ് റിയാസും കോടിയേരി ബാലകൃഷ്ണനും ജനങ്ങളുടെ കാര്യങ്ങൾ നന്നായി നോക്കുന്നുണ്ടെന്നും സുധാകരൻ പരിഹസിക്കുന്നു.

"കാബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും ഞങ്ങളുടെ ഉത്തരവാദിത്തം നന്നായി നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും അങ്ങേർക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.

എല്ലാത്തിനും കാരണഭൂതനായ അങ്ങ്, എകെ ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ, സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയിൽ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്."