എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാൻ അനുമതി.

എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാൻ  അനുമതി.

2022 ജനുവരി മുതലാണ് എടിഎം പണം പിൻവലിക്കലിന് ഉയർന്ന പണം നൽകേണ്ടത്.

പുതിയ മാറ്റം പ്രകാരം എടിഎം ഇടപാടിന് 21 രൂപ വീതം ഈടാക്കാൻ ആണ് അനുമതി. സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഇടപാടുകൾക്ക് മേലാണ് ഉപഭോക്താവ് അധിക പണം നൽകേണ്ടി വരിക. നിലവിൽ സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഉപയോഗത്തിന് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇതിന് 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ബാങ്കുകൾ നിലവിൽ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളിൽ ലഭിക്കുക. നോൺ മെട്രോ നഗരങ്ങളിൽ ഇത് അഞ്ചാണ്. 2019 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്നു. 

നിലവിൽ 15 രൂപയുള്ള ഇന്റർചേഞ്ച് ഫീ ഇനി മുതൽ 17 രൂപയാക്കാൻ റിസർവ് ബാങ്ക് അനുവാദം നൽകി. ഇതും ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സാമ്പത്തികേതര ഇടപാടുകൾക്ക് നിലവിലെ ഇന്റർചേഞ്ച് ഫീ അഞ്ചിൽ നിന്ന് ആറാക്കി വർധിപ്പിക്കാനും തീരുമാനമുണ്ട്. ഇന്റർചേഞ്ച് ഫീ ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് 2012 ലാണ്. 2014 ലാണ് ഏറ്റവുമൊടുവിൽ ഉപഭോക്താക്കളുടെ നിരക്ക് പരിഷ്കരിച്ചത്.