അട്ടിമറിയിലൂടെ സാമ്രാജ്യം പിടിച്ച് കുരങ്ങുറാണി

അട്ടിമറിയിലൂടെ സാമ്രാജ്യം പിടിച്ച് കുരങ്ങുറാണി

ടോക്യോ:മഞ്ഞുകുരങ്ങുകൾ(Macacascata)ക്കിടയിൽ ആണുങ്ങൾക്കാണ് അധികാരത്തിൽ മേൽക്കൈ. എന്നാൽ, തെക്കൻ ജപ്പാനിലെ തകാസാകിയാമ നാച്വറൽ സുവോളജിക്കൽ ഗാർഡനിലെ 677-ഓളം വരുന്ന ഒരു കുരങ്ങുസംഘത്തിൽ സവിശേഷമായ ഒരു സംഭവമുണ്ടായി. ഭരണത്തിലിരുന്ന ആണുങ്ങളെയെല്ലാം ആക്രമിച്ച് അട്ടിമറിയിലൂടെ യാകി എന്ന റാണി അധികാരം പിടിച്ചു. ഏകദേശം ഒരുകൊല്ലത്തോളമായി ഒൻപതുകാരി യാകിയുടെ ഭരണമാണിവിടെ. സംഘത്തിന്റെ ആദ്യവനിതാനേതാവാണവൾ.

ആദ്യം സ്വന്തം അമ്മയെ ആക്രമിച്ച് യാകി സംഘത്തിലെ കരുത്തയായി . ശേഷം അഞ്ചു കൊല്ലമായി സംഘത്തെ നയിക്കുന്ന 31-കാരൻ നൻചുവടക്കം നേതൃസ്ഥാനത്തുള്ള നാല് ആൺകുരങ്ങുകളെ നേരിട്ടു. ഒടുവിൽ സാമ്രാജ്യത്തിനധിപയാവുകയും ചെയ്തു. പാർക്കിന്റെ 70 കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുരങ്ങുറാണിയുണ്ടാകുന്നതെന്നും ഇത് അവിശ്വസനീയമാണെന്നും ഗവേഷകരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്തു. യാകിക്കുമുമ്പ് വിരലിലെണ്ണാവുന്ന പെൺകുരങ്ങുകളേ മഞ്ഞുകുരങ്ങുകൾക്കിടയിൽ അധികാരത്തിലെത്തിയിട്ടുള്ളൂവെന്ന് ഗവേഷകനായ യു കെയ്ഗെയ്ഷി പറഞ്ഞു. മഞ്ഞുകുരങ്ങുകളിൽ ഉയർന്ന പദവിയിലുള്ളവർക്ക് കൂടുതൽ ഭക്ഷണവും ഇണചേരാനുള്ള അവസരങ്ങളും ലഭിക്കും. അധികാരം പിടിച്ചശേഷം പരമ്പരാഗതമായി ആൺകുരങ്ങുകൾ കാണിക്കുന്ന സ്വഭാവമാണ് യാകിയും പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഠിനാധ്വാനത്തിലൂടെ യാകി സ്വന്തമാക്കിയ സാമ്രാജ്യം ഇണചേരൽ കാലത്ത് അവൾക്ക് നഷ്ടമാകുമോയെന്നാണ് ഗവേഷകർ സംശയിക്കുന്നത്.18 വയസ്സുള്ള ലഫി എന്ന ആൺകുരങ്ങ് യാക്കിയെ വശത്താക്കാൻ ശ്രമിക്കുന്നുണ്ട്. ലഫിയുടെ ചില പെരുമാറ്റങ്ങൾ കാണുമ്പോൾ അധികാരം പിടിച്ച് പുതിയ നേതാവാവാനാണോ ശ്രമമെന്ന് തോന്നും.