നേപ്പാൾ വിമാനദുരന്തം, തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്, യാത്രക്കാർ എവിടെ?

നേപ്പാൾ വിമാനദുരന്തം, തകർന്ന വിമാനത്തിന്‍റെ ചിത്രം പുറത്ത്, യാത്രക്കാർ എവിടെ?

കാഠ്മണ്ഡു: നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി നേപ്പാളി സൈന്യം. സാനോസ്വരെ, തസാങ് - 2, മസ്താങ് എന്ന പ്രദേശത്താണ് താരാ എയർലൈൻസ് വിമാനം തകർന്ന് വീണതെന്ന് നേപ്പാളി ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. തകർന്ന വിമാനത്തിന്‍റെ ചിത്രങ്ങളും നേപ്പാൾ സൈന്യത്തിന്‍റെ വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ പുറത്തുവിട്ടു. വിമാനം പൂർണമായി കത്തിനശിച്ച ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

നാല് ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടർബോപ്രോപ് ട്വിൻ ഓട്ടർ 9 എൻ- എഇടി വിമാനമാണ് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരിൽ നാല് പേരും ഒരേ കുടുംബത്തിലുള്ളവരാണ്. നാല് ഇന്ത്യക്കാർ, രണ്ട് ജർമൻ പൗരൻമാർ, 13 നേപ്പാൾ പൗരൻമാർ എന്നിവരും നേപ്പാൾ പൗരൻമാർ തന്നെയായ മൂന്നംഗ ക്രൂവും അടക്കമുള്ളവരിൽ എത്ര പേർ രക്ഷപ്പെട്ടു എന്നടക്കം ഒരു സൂചനയും നേപ്പാൾ സൈന്യത്തിനില്ല. ''നിലവിൽ വിമാനം തകർന്ന് വീണ സ്ഥലം നേപ്പാൾ സൈന്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും'', ബ്രിഗേഡിയർ ജനറൽ സിൽവാൽ ട്വീറ്റ് ചെയ്തു. 

വിമാനത്തിനടുത്തേക്ക് എത്താനോ, വിവരങ്ങൾ ശേഖരിക്കാനോ മോശം കാലാവസ്ഥ മൂലം സൈന്യത്തിന് കഴിയുന്നില്ല. ടൂറിസ്റ്റ് നഗരമായ പൊഖ്രയിൽ നിന്ന് പറന്ന് ഉയർന്ന് നിമിഷങ്ങൾക്കകമാണ് വിമാനം മലഞ്ചെരിവുകളിൽ തകർന്ന് വീണത്. ഇന്നലെ രാവിലെ 10.15-നാണ് വിമാനം പൊഖ്രയിൽ നിന്ന് പറന്നുയർന്നത്. കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ കിഴക്കാണ് പൊഖ്ര നഗരം. ആദ്യം വിമാനവുമായുള്ള ബന്ധം പൂർണമായും നഷ്ടമാവുകയായിരുന്നു. പിന്നീട് വിമാനം തകർന്ന് വീണെന്ന് സൈന്യം ഇന്നലെ വൈകിട്ടോടെ സ്ഥിരീകരിച്ചു. 

നേപ്പാൾ സൈന്യത്തിന്‍റെ സുരക്ഷാസേനയിലുൾപ്പെട്ട പട്രോൾ തെരച്ചിൽ സംഘങ്ങളും ഒരു സംഘം നാട്ടുകാരും തീർത്തും പ്രതികൂലമായ കാലാവസ്ഥയ്ക്കിടെ നടന്നാണ് ഇങ്ങോട്ടേയ്ക്ക് സഞ്ചരിക്കുന്നതെന്ന് നേപ്പാളി ദിനപത്രമായ ഹിമാലയൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

കനേഡിയൻ നിർമിത വിമാനം പൊഖ്രയിൽ നിന്ന് ജോംസോമിലേക്കാണ് യാത്ര ചെയ്തിരുന്നത്. മധ്യനേപ്പാളിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് നഗരമാണ് ജോംസോം. 20 മുതൽ 25 മിനിറ്റ് മാത്രം ദൂരമേ ഇരുനഗരങ്ങളും തമ്മിൽ വ്യോമമാർഗമുള്ളൂ. 

താരാ എയറിന്‍റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ലെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (CAAN) അറിയിച്ചു. 

വിമാനത്തിൽ യാത്ര ചെയ്തിരുന്നവരുടെ പേരുവിവരങ്ങൾ താരാ എയർ പുറത്തുവിട്ടിട്ടുണ്ട്. അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേക്കർ ത്രിപാഠി, മക്കളായ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ താനെ സ്വദേശികളാണ് ഇവർ. 

ലോകത്തിലെ തന്നെ ഏറ്റവുമുയരം കൂടിയ 14 പർവതങ്ങളിൽ എവറസ്റ്റടക്കം എട്ടെണ്ണവും സ്ഥിതി ചെയ്യുന്ന നേപ്പാളിൽ നടന്ന വ്യോമാപകടങ്ങൾ നിരവധിയാണ്. 2016-ൽ താരാ എയറിന്‍റെ തന്നെ ഇതേ റൂട്ടിൽ സഞ്ചരിച്ച വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. 2018-ൽ യുഎസ് - ബംഗ്ലാ വിമാനം ത്രിഭുവൻ എയർപോർട്ടിൽ തകർന്ന് വീണ് 51 പേരും കൊല്ലപ്പെട്ടു. 2013-ൽ സിതാ എയർ വിമാനം ത്രിഭുവൻ അന്താരാഷ്ട്ര എയർപോർട്ടിൽ ക്രാഷ് ലാൻഡ് ചെയ്യാൻ ശ്രമിക്കവേ അപകടത്തിൽപ്പെട്ട് മരിച്ചത് 19 പേരാണ്. പൊഖ്രയിൽ നിന്ന് ജോംസോമിലേക്ക്, അതായത് ഇതേ റൂട്ടിൽത്തന്നെ സഞ്ചരിച്ച വിമാനം 2012 മെയിൽ തകർന്ന് വീണ് 15 പേരും കൊല്ലപ്പെട്ടിരുന്നു.