നിർമ്മാണം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വെളിപ്പെട്ട് 1500 വർഷം പഴക്കമുള്ള മായൻ ന​ഗരം!

നിർമ്മാണം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വെളിപ്പെട്ട് 1500 വർഷം പഴക്കമുള്ള മായൻ ന​ഗരം!

മെക്സിക്കോയിൽ, കൊട്ടാരങ്ങളും പിരമിഡുകളും പ്ലാസകളും അടങ്ങിയ മായൻ ന​ഗരത്തിന്റെ (Mayan city) അവശിഷ്ടങ്ങൾ കണ്ടെത്തി. മെക്‌സിക്കോയിലെ യുകാറ്റാൻ പെനിൻസുലയിലെ (Mexico’s Yucatán peninsula) മെറിഡയ്‌ക്ക് സമീപത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് പുരാവസ്തു ​ഗവേഷകർ ന​ഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഒരു ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മാണമാണ് നിലവിൽ ഇവിടെ നടക്കുന്നത്.

സിയോൾ (Xiol) എന്ന് വിളിക്കപ്പെടുന്ന ഈ സൈറ്റിൽ മായൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ സവിശേഷതകൾ ദൃശ്യമാണ് എന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. ഇത് തെക്കൻ യുകാറ്റൻ ഉപദ്വീപിൽ സാധാരണമാണ്, എന്നാൽ മെറിഡയ്ക്ക് സമീപം അപൂർവമാണ്. “4,000 -ത്തിലധികം ആളുകൾ ഇവിടെ താമസിച്ചിരുന്നതായി ഞങ്ങൾ കരുതുന്നു“ എന്ന് നഗരത്തിന്റെ ഉത്ഖനനത്തിന് നേതൃത്വം നൽകിയ പുരാവസ്തു ഗവേഷകരിൽ ഒരാളായ കാർലോസ് പെരാസ പറഞ്ഞു.  AD600 മുതൽ AD900 സജീവമായിരുന്ന ന​ഗരമാണ് ഇതെന്ന് കരുതുന്നു. 

പല സാമൂഹിക നിലയിലുള്ള ആളുകൾ ഇവിടെ താമസിച്ചവരിൽ പെടുന്നു. അതിൽ കൊട്ടാരത്തിൽ താമസിച്ചിരുന്ന പുരോഹിതരും എഴുത്തുകാരും എല്ലാം പെടുന്നു. അതുപോലെ പുറത്ത് കെട്ടിടങ്ങളിൽ സാധാരണ ജനങ്ങളും താമസിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. അതുപോലെ തന്നെ പരിസരത്ത് സ്ത്രീകളെയും കുട്ടികളെയും സംസ്കരിച്ചിരുന്ന സ്ഥലവും കണ്ടെത്തി. അതിനുള്ള വിവിധ ഉപകരണങ്ങളും അവിടെയുണ്ടായിരുന്നു. ഈ പ്രദേശത്ത് സമുദ്രജീവികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി, കൃഷിയിലൂടെ ഉപജീവനം കഴിച്ചിരുന്ന നഗരവാസികൾ അടുത്തുള്ള തീരത്ത് മത്സ്യബന്ധനം നടത്തിയിരിക്കാം എന്നും ഇതിലൂടെ അനുമാനിക്കുന്നു. 

ഒരു വ്യാവസായിക പാർക്കിന്റെ നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് സിയോൾ കണ്ടെത്തിയത്. ഭൂമിയുടെ ഉടമകളുടെ അഭിപ്രായത്തിൽ പാർക്ക് എന്തായാലും നിർമ്മിക്കും. അതേസമയം പുരാവസ്തു അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവർ പറയുന്നു.