വിമാനത്തിനുള്ളില്‍ തിങ്ങിനിറഞ്ഞ് അഫ്ഗാന്‍ ജനത ; കാബൂളിലെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

kabool

വിമാനത്തിനുള്ളില്‍ തിങ്ങിനിറഞ്ഞ് അഫ്ഗാന്‍ ജനത ; കാബൂളിലെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്

കാബൂള്‍: താലിബാന്‍ സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ ഭീതിയിലായ ജനത അഫ്ഗാനിസ്താനില്‍ നിന്ന് കൂട്ട പലായനം തുടരുന്നു. ഇതിനിടെ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെയും നയതന്ത്രജ്ഞരെയും തിരികെയെത്തിക്കുകയാണ്. അതിനിടെ, ആയിരത്തോളം തിങ്ങിനിറഞ്ഞ യു.എസ് സൈനിക വിമാനത്തിന്‍റെ ചിത്രം അഫ്ഗാനിസ്താനിലെ ദയനീയ അവസ്ഥ ഉയര്‍ത്തിക്കാട്ടുന്നു .

കാബൂളില്‍ നിന്നുള്ള യു.എസ് സൈന്യത്തിന്‍റെ സി-17 ഗ്ലോബ്മാസ്റ്റര്‍ 3 കാര്‍ഗോ വിമാനത്തിലാണ് അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്യാനൊരുങ്ങിയവര്‍ തിങ്ങിനിറഞ്ഞത്. പ്രതിരോധ വെബ്സൈറ്റായ ഡിഫന്‍സ് വണ്‍ ആണ് ചിത്രം പുറത്തുവിട്ടത്. കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ വിമാനമാണെങ്കിലും സി-17 ഇത്രയധികം ആളുകളെ വഹിക്കുന്നത് ആദ്യമായാണെന്ന് ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാബൂള്‍ വിമാനത്താവളത്തിലെ പ്രതിസന്ധിക്കിടെയാണ് നൂറുകണക്കിനാളുകള്‍ വിമാനത്തില്‍ സ്ഥാനം പിടിച്ചത്. ഇവരെ ബലംപ്രയോഗിച്ച്‌ ഇറക്കിവിടുന്നതിന് പകരം പറക്കാനുള്ള തീരുമാനമായിരുന്നു വിമാന അധികൃതര്‍ കൈക്കൊണ്ടത്. 640 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി. ഇവരെ വഹിച്ച്‌ കൊണ്ട് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കാണ് വിമാനം പറന്നത് .

ആയിരങ്ങളാണ് താലിബാന്‍ നിയന്ത്രണമുറപ്പിച്ച അഫ്ഗാനില്‍ നിന്ന് പലായനം തുടരുന്നത്. കാബൂള്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറഞ്ഞതോടെ യു.എസ് സൈന്യം വെടിയുതിര്‍ത്തിരുന്നു. യു.എസാണ് വിമാനത്താവളം നിയന്ത്രിക്കുന്നത്.

നേരത്തെ, സൈനിക വിമാനത്തിന്‍റെ ചക്രത്തോട് ശരീരം ബന്ധിച്ച്‌ പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ വീണ് മരിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ആകെ ഏഴ് പേര്‍ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടതായാണ് അമേരിക്കന്‍ സൈന്യം അറിയിച്ചത്.