വീണ്ടും റഷ്യന്‍ പടയൊരുക്കം; ഫിൻലൻഡ്‌ അതിർത്തിയിലേക്ക് വൻ സൈനിക വ്യൂഹത്തെ അയച്ചു

വീണ്ടും റഷ്യന്‍ പടയൊരുക്കം; ഫിൻലൻഡ്‌ അതിർത്തിയിലേക്ക് വൻ സൈനിക വ്യൂഹത്തെ അയച്ചു

മോസ്കോ: ഫിൻലൻഡ്‌ അതിർത്തിയിലേക്ക് സൈന്യത്തെ അയച്ച് റഷ്യ. നാറ്റോയിൽ അംഗമാകാനുള്ള നീക്കം ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും ശക്തമാക്കിയതോടെയാണ് റഷ്യയുടെ പുതിയ പടയൊരുക്കം. ഇരു രാജ്യങ്ങളും നാറ്റോ അംഗമായാൽ മേഖലയിലെ സാഹചര്യം മോശമാകുമെന്ന ഭീഷണിയും റഷ്യ മുഴക്കി.

ഫിൻലൻഡില്‍ 55 ലക്ഷവും സ്വീഡനില്‍ ഒരു കോടിയുമാണ് ജനസംഖ്യ. റഷ്യയുടെ യുക്രൈൻ ആക്രമണത്തോടെയാണ് നാറ്റോയിൽ അംഗമാകണമെന്ന ആഗ്രഹം ഈ ചെറു യുറോപ്യൻ രാജ്യങ്ങളിൽ ശക്തമായത്. ഫിൻലൻഡ്‌ പ്രധാനമന്ത്രി സന്ന മരിനും സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്‌സനും നാറ്റോ അംഗത്വത്തിനായി നീക്കം തുടങ്ങി. ഇതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. സ്വീഡനും ഫിൻലൻഡും നാറ്റോ അംഗമായാൽ  മേഖലയിലെ സാഹചര്യം മോശമാകുമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ്‌ പ്രതികരിച്ചു. പിന്നാലെ ഫിൻലൻഡ്‌ അതിർത്തിയിലേക്ക് റഷ്യ വൻ സൈനിക വ്യൂഹത്തെ അയച്ചു. 

1340 കിലോമീറ്റർ ദൂരം റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലൻഡ്‌. മിസൈലുകളും ടാങ്കുകളും അടക്കമുള്ള സൈനിക വ്യൂഹമാണ് ഫിൻലൻഡ്‌ അതിർത്തിയിലേക്ക് എത്തുന്നത്. യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആണെങ്കിലും യൂറോപ്പിന്റെ സൈനിക സഹകരണ സഖ്യമായ നാറ്റോയിൽ അംഗത്വം വേണ്ട എന്നായിരുന്നു ഇതുവരെ ഫിൻലൻഡിന്‍റെയും സ്വീഡന്‍റെയും നിലപാട്. എന്നാൽ റഷ്യ യുക്രൈനെ ആക്രമിച്ച് തരിപ്പണം ആക്കിയതോടെ ജനങ്ങളിൽ ഭൂരിപക്ഷവും നാറ്റോ അംഗത്വത്തിന് അനുകൂലമായി. സെപ്‌റ്റംബറിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന സ്വീഡനിൽ  പ്രധാനമന്ത്രി മഗ്‌ദലിന ആൻഡേഴ്‌സൺ നാറ്റോ അംഗത്വം സംബന്ധിച്ച ചർച്ചകൾ സജീവമാക്കി. 

ഫിൻലൻഡില്‍ നാറ്റോയിൽ ചേരാനുള്ള നിർദേശം അടുത്ത ആഴ്‌ച തന്നെ പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഈ സാഹചര്യത്തിലാണ് പ്രത്യക്ഷ ഭീഷണിയുമായി റഷ്യയുടെ ഇടപെടൽ. ഇരു രാജ്യങ്ങളുടെയും നാറ്റോ അംഗത്വ അപേക്ഷ അനുഭാവപൂർവം പരിഗണിക്കും എന്നാണ് നാറ്റോയുടെ പ്രതികരണം. കൂടുതൽ രാജ്യങ്ങള്‍ നാറ്റോ അംഗത്വം നേടുന്നതിനെ അമേരിക്കയും പിന്തുണയ്ക്കും.