സോഷ്യല്‍മീഡിയ യുദ്ധത്തിലും റഷ്യ മുന്നിലോ?; മിണ്ടാതെ യുഎസ് സോഷ്യല്‍ മീഡിയ ഭീമന്മാര്‍

സോഷ്യല്‍മീഡിയ യുദ്ധത്തിലും റഷ്യ മുന്നിലോ?; മിണ്ടാതെ യുഎസ് സോഷ്യല്‍ മീഡിയ ഭീമന്മാര്‍

ഷ്യയുടെ യുക്രൈന്‍ ആക്രമണം അരംഭിച്ചതിന് പിന്നാലെ തന്നെ അവരുടെ സൈബര്‍ ആക്രമണവും ശക്തമായിരുന്നു. യുക്രൈന്‍റെ സാന്പത്തിക മേഖലയെ കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു റഷ്യന്‍ സൈബര്‍ നീക്കങ്ങള്‍. അതില്‍ ലോകത്തിന് വലിയ അത്ഭുതം ഇല്ലായിരുന്നു എന്നതാണ് നേര്. ഒരു പതിറ്റാണ്ടോളമായി ലോകം ഞെട്ടിയ പല സൈബര്‍ ആക്രമണത്തിന്‍റെയും ബുദ്ധി കേന്ദ്രങ്ങള്‍ റഷ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇതിനകം പലവട്ടം വെളിച്ചത്ത് എത്തിയതാണ്. 2016 അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ഇന്നും അവസാനിക്കാത്ത ചര്‍ച്ചയാണ്. അന്ന് 'മിസ് ഇന്‍ഫര്‍മേഷന്‍' സുനാമി തന്നെ സൃഷ്ടിച്ചത് റഷ്യയാണെന്ന് 2019 ല്‍ ഇത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട് റോബര്‍ട്ട് മുള്ളര്‍ റിപ്പോര്‍ട്ടില്‍ പ്രതിവാദിക്കുന്നുണ്ട്. ഇപ്പോള്‍ യുക്രൈന്‍ യുദ്ധത്തിലേക്ക് എത്തുമ്പോഴും റഷ്യ ഇതിനോട് അനുബന്ധിച്ച് നടക്കുന്ന സൈബര്‍ യുദ്ധത്തിലും ഏറെ മുന്നിലെത്തിയെന്നാണ് യാഥാര്‍ത്ഥ്യം. 

ടെലഗ്രാം എന്ന റഷ്യന്‍ ആയുധം

ശരിക്കും റഷ്യയില്‍ നിന്നുള്ള ഒരു ആപ്പാണ് ടെലഗ്രാം, ശരിക്കും ടെലഗ്രാമാണ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏറ്റവും കൂടിയ നിലയില്‍ റഷ്യ ഉപയോഗപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ കീവിലേക്കുള്ള അധിനിവേശത്തിന് മുന്‍പ് തന്നെ വിവിധ ടെലഗ്രാം ചാനലുകള്‍ ഉപയോഗിച്ച് റഷ്യന്‍ ന്യായീകരണങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടുവെന്നാണ് ഫോറിന്‍ പോളിസിയിലെ ഇത് സംബന്ധിച്ച ലേഖനം പറയുന്നത്. “Donbass Insider”,“Bellum Acta” തുടങ്ങിയ പ്രോ റഷ്യന്‍ ചാനലുകള്‍ പ്രചരിപ്പിച്ച റഷ്യന്‍ അനുകൂല സന്ദേശങ്ങള്‍ ഇന്ന് ലോകത്ത് പ്രധാന ചര്‍ച്ചയാകുന്നു. വിവിധ ഭാഷകളില്‍ ഇതേ ടെക്സ്റ്റുകള്‍ പരക്കുന്നുണ്ട്. 

എന്‍ക്രിപ്റ്റഡ് ആപ്പായ സിഗ്നലിന്‍റെ സ്ഥാപകന്‍ മോക്സി മാര്‍ലിന്‍സ്പൈക്കി ട്വിറ്ററില്‍ ഇത് സംബന്ധിച്ച് ദീര്‍ഘമായ ഒരു ത്രെഡ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉക്രൈയിനില്‍ സര്‍വ്വസാധാരണമായ ഒരു ആപ്പാണ് ടെലഗ്രാം അത് ഇത്തരം ഒരു അധിനിവേശത്തിന് റഷ്യ ഏതെല്ലാം രീതിയില്‍ മുതലെടുത്തുവെന്നാണ് സിഗ്നല്‍ സ്ഥാപകന്‍ പറയുന്നത്. 2021 ല്‍ ടെലഗ്രാം ഏതെല്ലാം രീതിയില്‍ വെല്ലുവിളി ഉയര്‍ത്തുന്നു എന്നത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച് ത്രെഡും ഇദ്ദേഹം സന്ദേശത്തോടൊപ്പം നല്‍കുന്നു.