വ്യോമാക്രമണത്തിലൂന്നി റഷ്യന്‍ സേന; 6 യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്

വ്യോമാക്രമണത്തിലൂന്നി റഷ്യന്‍ സേന; 6 യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ്

കീവ്: മൂന്നാംദിനത്തില്‍ യുക്രൈനില്‍ (Ukraine) വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ (Russia). കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.  മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്. അതേസമയം  കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാര്‍കീവില്‍ സ്ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇത് യുക്രൈന്‍ സൈന്യം ചെറുത്തെന്നാണ് വിവരം.  ബെറസ്റ്റെീസ്കയില്‍ റഷ്യന്‍ വാഹനവ്യൂഹം  തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. രണ്ട് ട്രക്കുകളും രണ്ട് കാറുകളും ഒരു ടാങ്കുമാണ് തകര്‍ത്തത്. വാസിൽകീവിലെ വ്യോമത്താവളത്തിൽ വെടിവപ്പുണ്ടായി. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് ഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകൾക്ക് സമീപമോ ബാൽക്കണിയിലോ നിൽക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. 

  • 'രാജ്യം വിടില്ല ,അവസാനഘട്ടം വരെ യുക്രൈനിൽ' ; യുഎസ് സഹായവാഗ്ദാനം നിരസിച്ച് സെലന്‍സ്കി

കീവ്: യുക്രൈനില്‍ നിന്ന് രക്ഷപ്പെടാനുള്ള  സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി  രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്ന് പ്രസിഡന്‍റ് സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു. 

യുദ്ധം തുടങ്ങി മൂന്നാം ദിനവും റഷ്യ രൂക്ഷമായ ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.