കെ കെ ഇനി ദീപ്തമായ ഓർമ, ആദരമർപ്പിക്കാൻ ഒഴുകിയെത്തി മുംബൈയിലെ സംഗീതലോകം

കെ കെ ഇനി ദീപ്തമായ ഓർമ, ആദരമർപ്പിക്കാൻ ഒഴുകിയെത്തി മുംബൈയിലെ സംഗീതലോകം

മുംബൈ: ഇന്ത്യയുടെ പ്രിയശബ്ദം കെ കെ ഇനി ദീപ്തമായ ഓർമ. മുംബൈ വർസോവയിലെ ശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും കെ കെയുടെ മൃതദേഹം സംസ്കരിച്ചു. 

ഗായകൻ ജാവേദ് അലി, അഭിജീത്ത് ഭട്ടാചാര്യ, ഗായിക ശ്രേയാ ഘോഷാൽ  അങ്ങനെ ബോളിവുഡിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് വർസോവയിലെ പാർക് പ്ലാസയിലേക്ക് എത്തിയത്. തന്‍റെ ഇളയ സഹോദരനെയാണ് നഷ്ടമായതെന്ന് ഗായകൻ ഹരിഹരൻ അനുസ്മരിച്ചു.

അതേസമയം, ഗായകന്‍റെ അകാലമരണത്തെക്കുറിച്ചുള്ള ദുരൂഹതയെക്കുറിച്ചുള്ള ആരോപണം ഒരു വശത്ത് നിൽക്കേ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത് വന്നു. മരണം ഹൃദയാഘാതം മൂലം തന്നെയാണെന്ന് പോസ്റ്റ് മോർട്ടം പ്രാഥമികറിപ്പോർട്ട് പറയുന്നു. നേരത്തെ തന്നെ കെ.കെയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം പരിപാടിക്ക് ശേഷം ഹോട്ടലിലൂടെ കെകെ നടന്ന് പോവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിന് ശേഷം മുറിയിലെത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണതും ഹൃദയാഘാതം സംഭവിച്ചതും. പരിപാടിക്ക് ശേഷം നേരെ ആശുപത്രിയിലേക്കാണ് പോയതെന്ന വാദം തെറ്റെന്ന് ഈ ദൃശ്യങ്ങൾ സമ്മതിക്കുന്നുണ്ട്. 

കൊൽക്കത്തയിലെ നസ്‍രുൾ മഞ്ച ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കെ കെയെ സിഎംആ‌ർഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു. 

പരിപാടി സംഘടിപ്പിച്ചതിൽ പാകപ്പിഴ?

പരിപാടിക്കിടെ ചൂട് സഹിക്കാനാകാതെ കെ കെ അസ്വസ്ഥനാകുന്ന ദൃശ്യങ്ങൾ അദ്ദേഹത്തിന്‍റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ആയുധമാക്കിയാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി തിരിഞ്ഞത്. പരിപാടി നടന്ന സർക്കാർ ഓഡിറ്റോറിയമായ നസറുൾ മഞ്ചയിലെ എസി പോലും മര്യാദയ്ക്ക് പ്രവർത്തിച്ചിരുന്നില്ലെന്നും, പരിധിയിലധികം ആളുകളെത്തിയ ചടങ്ങില്‍ ഗായകന് വേണ്ടത്ര സുരക്ഷയൊരുക്കിയില്ലെന്നും ബിജെപി എംപി ദിലീപ് ഘോ‌ഷാണ് ആരോപണമുന്നയിച്ചത്. ഇതിനിടെ, കെകെയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സൗമിത്ര ഖാൻ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുമുണ്ട്.

'യാരോം, യാദ് ആയേംഗേ യേ പൽ'

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ആണ് കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെ സിനിമാപിന്നണിയിൽ തിളങ്ങിയത്. ബോളിവുഡിലെ അപൂർവം മലയാളി സാന്നിധ്യങ്ങളിൽ ഒരാളായ കെകെ, വിവിധ ഭാഷകളിലായി പാടിയത് നൂറോളം ഹിറ്റ് ഗാനങ്ങളാണ്. 90-കളിൽ ഇന്ത്യൻ യുവത്വത്തെ ഇളക്കിമറിച്ച പാട്ടുകാരന്,  പുതിയ കാലത്തും ആരാധകർ ഏറെയായിരുന്നു.

ഹൃദയം കൊണ്ട് പാടിയ പാട്ടുകാരൻ, ആത്മാവിനെ തൊടുന്ന ആലാപനശൈലി. ശ്രോതാക്കളെ ആനന്ദിപ്പിച്ച കെകെ മാജിക് ഇനിയില്ലെന്നത് ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. തീരാനൊമ്പരമായി അതുല്യഗായകന്‍റെ അകാലവിയോഗം. 

ദില്ലി മലയാളി കൃഷ്ണകുമാർ കുന്നത്തിനെ പാട്ടുകാരനാക്കിയത് അച്ഛന്റെയും അമ്മയുടെയും സംഗീതാഭിരുചിയാണ്. യേശുദാസിന്റെയും റഫിയുടെയും കിഷോർകുമാറിന്റെയും പാട്ടുകൾ കേട്ടുവളർന്ന കൃഷ്ണകുമാർ ചെറുപ്പത്തിലേ സംഗീതവഴി തെര‍ഞ്ഞെടുത്തു. ശാസ്ത്രീയസംഗീതമൊന്നും പഠിച്ചില്ല. ഒരു പാട്ട് ഒരുതവണ കേട്ടാൽ ഹൃദിസ്ഥമാക്കാനുള്ള കഴിവായിരുന്നു ആത്മവിശ്വാസം. 90-കളിൽ അവസരം തേടി ദില്ലിയിൽ നിന്ന് മുംബൈയിലെത്തി. തുടക്കം പരസ്യചിത്രങ്ങളിൽ നിന്നായിരുന്നു.

കൊളോണിയൽ കസിൻസ് ബാൻഡിൽ ഹരിഹരന്റെ പങ്കാളിയായിരുന്ന ലെസ്‍ലി ലൂയിസ് ആണ് കെകെയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. പരസ്യചിത്രത്തിലേക്ക് പാടാൻ ആദ്യം ക്ഷണിക്കുന്നത് ലൂയിസാണ്. മൂവായിരത്തിലേറെ ജിംഗിളുകൾ പാടിയ കെകെയെ തേടി അധികം വൈകാതെ സിനിമാഓഫറുകളെത്തി. ആദ്യം കോറസിൽ ഒതുങ്ങിയ ശബ്ദം ശ്രോതാക്കൾക്കിടയിൽ ജനകീയമാക്കിയത് സഞ്ജയ് ലീല  ബൻസാലിയായിരുന്നു. ഇതിന് നിമിത്തമായത് ഹം ദിൽദേ ചുകേ സനത്തിലെ 'തടപ് തടപ് കേ ഇസ് ദിൽ' എന്ന വിരഹദുഖഃസാന്ദ്രമായ ആ ഗാനം. 

99-ൽ സോണി മ്യൂസിക് ഇന്ത്യയിൽ എത്തിയപ്പോൾ പുത്തൻ താരോദയമായി അവതരിപ്പിക്കാൻ കമ്പനി തെരഞ്ഞെടുത്തത് കെകെയെ. പൽ എന്ന സംഗീത ആൽബം മാസങ്ങളോളം ഹിറ്റ് ചാർട്ടുകളിൽ തുടർന്നു. അക്കാലത്ത് ക്യാംപസുകളിൽ കെകെ തരംഗമായി.

ഭാഷക്കതീതനായി കെകെ. ഹിന്ദിയിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും, ബംഗാളിയിലും കന്നടയിലുമെല്ലാം വരവറിയിച്ചു. ഉയിരിൻ ഉയിരേ, അപ്പടി പോട് പോട് എന്ന തമിഴിലെ ഹിറ്റ് ഗാനങ്ങൾ മുതൽ സച്ച് കെഹ് രഹാ ഹേ ദീവാനാ, തൂഹി മേരി ശബ് ഹേ എന്നീ ഹിന്ദി ഗാനങ്ങൾ വരെ 90-കളിലും രണ്ടായിരാമാണ്ടിലും ഈ അടുത്ത കാലത്ത് ബജ്‍രംഗി ഭായിജാനിലെ തൂ ജോ മിലാ, ഓം ശാന്തി ഓമിലെ ആംഖോ മേ തേരീ .. എന്നും തരംഗമായി തുടർന്നു കെകെ. 

വർഷത്തിൽ പത്തോ പതിനഞ്ചോ പാട്ടുകൾ മാത്രം. പക്ഷേ തൊട്ടതെല്ലാം പൊന്നാക്കി. മലയാളി ആണെങ്കിലും ഏറ്റവും കുഴയ്ക്കുന്ന ഭാഷ മലയാളമാണെന്ന് പറയാറുണ്ട് കെകെ. പൃഥ്വിരാജിന്‍റെ പുതിയ മുഖത്തിലെ 'രഹസ്യമായി രഹസ്യമായി' എന്ന പാട്ടും ഹിറ്റായി.

3 പതിറ്റാണ്ട് നീണ്ട സംഗീതയാത്ര.. മാറിയ കാലത്തും കെകെയുടെ ചടുലമായ സംഗീതവിരുന്നിന് കാതോർക്കാൻ ജനക്കൂട്ടം ഒഴുകി എത്തിയിരുന്നു. കൊൽക്കത്തയിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുൻപാകെയുള്ള സംഗീതവിരുന്നോടെ ആ യാത്രക്ക് അവസാനം. നസ്റുൽ മഞ്ചയിൽ നടന്ന പരിപാടി സോഷ്യൽമീഡിയയിലൂടെ തത്സമയം പങ്കുവച്ച ശേഷമുള്ള മരണ വാ‍ർത്ത ആരാധകർക്ക് വലിയ നടുക്കമായി. കെകെ പറയാറുണ്ട് - എന്നെ ആരും തിരിച്ചറിയണമെന്ന് നിർബന്ധമില്ല. ഒരു പാട്ടുകാരന്റെ മുഖമല്ല, ശബ്ദമാണ് ഹൃദയത്തിൽ പതിയേണ്ടത്. വിട കെകെ. വിട!