ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ പുലി വനം വകുപ്പിനെ വട്ടം കറക്കുന്നു; ഒരാഴ്ചയായും പിടിക്കാനായില്ല

ഉമ്മിനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ ഒരാഴ്ച്ചയായിട്ടും പിടികൂടാനാകാതെ വനം വകുപ്പ്. കഴിഞ്ഞ ദിവസം പുലി കടിച്ചു കൊന്ന നായയുടെ തലയോട്ടി പ്രദേശത്തു നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. 

ഇതിന് പിന്നാലെ തള്ളപ്പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ വീടിന് കുറച്ചകലയുള്ള സൂര്യനഗറിലെ ബാഡ്മിന്റണ്‍ കോർട്ടിന് സമീപത്താണ് തള്ളപുലിയെ അവസാനമായി കണ്ടത്. ഇവിടെ നിന്ന് നായയുടെ തലയോട്ടി കണ്ടെടുത്തിരുന്നു. 

ഇത് പുലി കടിച്ചു കൊന്ന നായയുടേതാണെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി വന്ന് പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായില്ല. നേരത്തെ കണ്ടെത്തിയ പുലി കുഞ്ഞുങ്ങളിൽ ഒന്നിനെ തള്ളപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്ത കുത്തിനെ കൊണ്ടുപോകാൻ എത്തിയില്ല. 

വനം വകുപ്പ് ജീവനക്കാർ രണ്ട് ദിവസം പുലിക്കുഞ്ഞിനെ കൂട്ടിൽ വെച്ച് കാത്തിരുന്നതിന് ശേഷം തൃശൂർ അകമലയിലെ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.