നിരത്തില്‍ നാല് ലക്ഷം ക്വിഡുകളുമായി റെനോ

നിരത്തില്‍ നാല് ലക്ഷം ക്വിഡുകളുമായി റെനോ

നിരത്തില്‍, നാലുലക്ഷം യൂണിറ്റ് ക്വിഡ് (Kwid) കാറുകള്‍ എന്ന മാന്ത്രിക സംഖ്യ തികച്ചത് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ (Renault India). 4,00,000-ാമത്തെ ക്വിഡ് കാർ അടുത്തിടെ ഒരു ഉപഭോക്താവിന് കൈമാറിയെന്ന് റെനോ ഇന്ത്യ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച് 10-ാം വർഷത്തിലാണ് കമ്പനിയുടെ ഈ നേട്ടം. 

അതേസമയം 2015-ൽ ആണ് റെനോ ഇന്ത്യ ക്വിഡിനെ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്ന് ഈ എൻട്രി ലെവൽ ഹാച്ച്ബാക്ക് ജനഹൃദയങ്ങളിൽ ഇടംപിടിച്ചു. വാഹനത്തിന്‍റെ കോംപാക്‌ട് എസ്‌യുവി സ്റ്റൈല്‍ ഡിസൈനും താങ്ങാനാവുന്ന വിലയുമായിരുന്നു ഈ ജനപ്രിയതയുടെ മുഖ്യ കാരണം. മോഡലിന് 2019 ഒക്ടോബറിൽ ആദ്യത്തെ മിഡ്-ലൈഫ് പരിഷക്കാരവും റെനോ സമ്മാനിച്ചിരുന്നു. 2020 ജനുവരിയിൽ കാറിന്റെ ബിഎസ്6 പതിപ്പും നിരത്തിലെത്തി. അടുത്തിടെ, ഫ്രഞ്ച് ബ്രാൻഡ് ക്വിഡ് മോഡൽ ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ഡ്യുവൽ എയർബാഗുകൾ നിർമിച്ചു. ഈ പരിഷ്ക്കാരത്തിലൂടെ വാഹനം ഇന്ത്യയിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ സുരക്ഷാ ചട്ടങ്ങൾ പാലിക്കാൻ വരെ പ്രാപ്‌തമായിരുന്നു.

800 സിസി, 3 സിലിണ്ടർ പെട്രോൾ, 1.0 ലിറ്റർ, 3 സിലിണ്ടർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് റെനോ ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് 54 bhp കരുത്തിൽ 72 Nm ടോര്‍ഖ് ഉത്പാദിപ്പിക്കും. അതേസമയം 1.0 ലിറ്റർ പതിപ്പ് 68 bhp പവറിൽ 91 Nm torque ആണ് വികസിപ്പിക്കുന്നത്. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ ഒരു എഎംടി എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ എഎംടി 1.0 ലിറ്റർ മോഡലുകളിൽ മാത്രമാണ് ലഭ്യമാവുക. 300 ലിറ്ററിന്റെ വലിയ ബൂട്ട് സ്പെയ്സാണ് ക്വിഡിനുള്ളത്. അതേസമയം 180 മില്ലീമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പിൻസീറ്റ് ആംറെസ്റ്റ്, പിൻ പാർക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകൾ ടോപ്പ് എൻഡ് വേരിയന്റില്‍ ഉണ്ട്.  ഇരട്ട എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, EBD (ഇലക്‌ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ), സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ സെൻസറുകൾ എന്നിവയോടുകൂടിയ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഇതിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ റെനോ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി എസ്-പ്രെസോ, മാരുതി ആൾട്ടോ 800 എന്നീ മോഡലുകളുമായാണ് റെനോ ക്വിഡ് മത്സരിക്കുന്നത്.