ബക്കിങ്ങാം കൊട്ടാരത്തിൽ ഭക്ഷണത്തിൽ വെള്ളുത്തുള്ളി ഉപയോ​ഗിച്ച് പോകരുത്, കാരണം

ബക്കിങ്ങാം കൊട്ടാരത്തിൽ ഭക്ഷണത്തിൽ വെള്ളുത്തുള്ളി ഉപയോ​ഗിച്ച് പോകരുത്, കാരണം

റോയൽ കുടുംബ (royal family) ത്തിന്റെ ഭാ​ഗമായിരിക്കുക എന്നത് വലിയൊരു കാര്യമാണ്. എന്നാൽ, പല കാര്യങ്ങളിലും നിയന്ത്രണവും കൂടിയുണ്ടാകും. നൂറുകണക്കിന് നിയമങ്ങളും അനുസരിക്കേണ്ടി വരും. എന്നാൽ, അതിൽ ചിലത് നമുക്ക് വിചിത്രം എന്ന് തോന്നുന്നവയാണ്. അതിലൊന്നാണ് ബക്കിങ്ങാം കൊട്ടാര(Buckingham Palace) -ത്തിൽ വെളുത്തുള്ളിയും ഉള്ളിയും നിരോധിച്ചിരിക്കുകയാണ് (ban on garlic and onions) എന്നത്. 

സ്കോട്ടിഷ് ഡെയ്‍ലി എക്സ്പ്രസ് പറയുന്നതനുസരിച്ച് ബക്കിങ്ങാം കൊട്ടാരത്തിൽ ഉള്ളികളുപയോ​ഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അവിടെയുണ്ടാക്കുന്ന ഭക്ഷണങ്ങളിൽ വെളുത്തുള്ളി ഉപയോ​ഗിക്കാനും പാടില്ല. അതായാത് കൊട്ടാരത്തിൽ ആർക്കും തന്നെ വെളുത്തുള്ളി ഉപയോ​ഗിച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ കഴിയില്ല എന്ന് സാരം. ഈ നിയമം വളരെക്കാലമായി കിംവദന്തികൾക്കും പാത്രമായിട്ടുണ്ട്. എന്നാൽ, ഡച്ചസ് ഓഫ് കോൺവാൾ കാമില പാർക്കർ ബൗൾസ്, മാസ്റ്റർ ഷെഫ് ഓസ്‌ട്രേലിയ എന്നിവരെത്തിയപ്പോഴാണ് ഇത് വീണ്ടും ചർച്ചയാവുന്നത്. ഭക്ഷണത്തിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊട്ടാരത്തിലുള്ളത് എന്ന് ചോദിച്ചപ്പോൾ ബൗൾസിന്റെ മറുപടി ഇങ്ങനെയായിരുന്നു, 'എനിക്കത് പറയുന്നത് ഇഷ്ടമല്ല. എന്നാലും പറയുന്നു. വെളുത്തുള്ളിക്ക് നിരോധനമാണ്. വെളുത്തുള്ളി അവിടെ ഉപയോ​ഗിക്കാനേ പാടില്ല.'

ഏകദേശം 15 വർഷത്തോളം ബക്കിംഗ്ഹാം കൊട്ടാരത്തിൽ റോയൽ ഷെഫായി സേവനമനുഷ്ഠിച്ച ഡാരൻ മക്ഗ്രാഡിയും ഇത് സ്ഥിരീകരിച്ചു. RecipesPlus -നോട് സംസാരിച്ച ഡാരൻ പറഞ്ഞു: "രാജ്ഞിയുടെ മെനുവിൽ ഒരിക്കലും വെളുത്തുള്ളി ഉണ്ടാകില്ല." 

എന്നാലും എന്തായിരിക്കും വെളുത്തുള്ളിയോട് രാജകുടുംബത്തിന് ഇത്ര വിരോധം? വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകളനുസരിച്ച് അതിനുള്ള കാരണമായി പറയുന്നത് ഇതാണ്. രാജകുടുംബാം​ഗങ്ങൾക്ക് നിരവധിപ്പേരെ കാണേണ്ടി വരും. അത്തരം സാഹചര്യത്തിൽ വായനാറ്റം ഒഴിവാക്കാനായിട്ടാണ് കൊട്ടാരത്തിൽ വെളുത്തുള്ളി നിരോധിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.

ഡ്രസ് കോഡ് പാലിക്കുക, രാജ്ഞി ഇരിക്കുമ്പോൾ നിൽക്കരുത്, രാജ്ഞി സംസാരിക്കുമ്പോൾ സംസാരിക്കരുത്, രാജ്ഞി ഭക്ഷണം കഴിച്ച് നിർത്തിയാൽ നിങ്ങളും നിർത്തിക്കോണം, സെൽഫിയോ ഓട്ടോ​ഗ്രാഫോ അരുത്, കിട്ടുന്ന സമ്മാനങ്ങളെല്ലാം സന്തോഷത്തോടെ സ്വീകരിക്കണം, രാഷ്ട്രീയം അനുവദിക്കില്ല, രാജകൊട്ടാരത്തിലാണ് എങ്കിൽ ടിയാര ധരിക്കണമെങ്കിൽ വിവാഹം കഴിഞ്ഞിരിക്കണം, വിഷാബാധ ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എന്നോണം ഷെൽഫിഷ് കഴിക്കരുത് തുടങ്ങി അനേകം നിയമങ്ങൾ രാജകൊട്ടാരത്തിൽ വേറെയും നിലവിലുണ്ട് എന്ന് പറയപ്പെടുന്നു. 

അല്ലെങ്കിലും രാജകൊട്ടാരത്തിലെ അം​ഗമായിരിക്കുക എന്നത് എത്ര എളുപ്പമുള്ള ഒന്നല്ല എന്ന് എക്കാലവും പറയുന്നതാണ്.