റൊമേനിയ വഴി 470 പേരുടെ സംഘം ഇന്ന് ഇന്ത്യയിലേക്ക്, സംഘത്തിൽ 30 തിലേറെ മലയാളികൾ

റൊമേനിയ വഴി 470 പേരുടെ സംഘം ഇന്ന് ഇന്ത്യയിലേക്ക്, സംഘത്തിൽ 30 തിലേറെ മലയാളികൾ

ദില്ലി: യുക്രൈനിലെ (Ukraine) ആശങ്കയുടെ തീരത്ത് നിന്ന് റൊമേനിയ (Romania) വഴി നാട്ടിലേക്ക് മടങ്ങുകയാണ് മുപ്പതിലധികം മലയാളികൾ അടക്കമുള്ള ഇന്ത്യൻ സംഘം. റൊമേനിയ അതിർത്തി കടന്ന മലയാളിവിദ്യാർത്ഥികൾ (Indian Students) അടക്കമുള്ള സംഘം ഇന്ന് വൈകിട്ടോടെ മുംബൈലേക്ക്  തിരിക്കും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്. 

ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാർത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ദില്ലിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിലേക്കും ഇന്ന് വിമാനമുണ്ട്.