സൗദി അറേബ്യയിൽ റസ്റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം

Social Distancing in Saudi Arabia

സൗദി അറേബ്യയിൽ റസ്റ്റോറന്റുകളിലും കഫേകളിലും നിര്‍ദേശം അനുസരിച്ചുള്ള സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്റ്റോറന്റ്, കഫേ (Restaurants and cafes) എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് (Social Distancing) നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (Saudi Public Health Authority) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്കകത്ത് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. 

റസ്റ്റോറന്റുകളിലും കഫേകളിലും ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം വേണം. ഈ അകലം പാലിക്കാൻ കഴിയാത്ത റസ്റ്റോന്‍റുകളിൽ ഭക്ഷണവിതരണം പാഴ്സൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. എന്നാൽ ഒരേ ടേബിളിനു ചുറ്റും പത്തിൽ കൂടുതൽ ആളുകൾ ഒന്നിച്ചിരിക്കരുത്. ഒരിടത്തും ആളുകളുടെ കൂട്ടം കൂടൽ ഉണ്ടാവരുത്. 

ഓർഡറുകൾ സ്വീകരിക്കുന്ന സ്ഥലങ്ങളിലും കാത്തിരിപ്പ് സ്ഥലങ്ങളിലും പാഴ്സൽ വിതരണ സ്ഥലത്തുമെല്ലാം ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം ഉണ്ടാവണം. ഭക്ഷണം കഴിക്കാത്ത സമയത്ത് സന്ദർശകരും ജോലിക്കാരും കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലങ്ങളിലും ജീവനക്കാര്‍ അകലം പാലിച്ചിരിക്കണം.