വരുന്നത് മൂന്നാം തരംഗമോ ? രാജ്യത്ത് കൊവിഡ് കേസുകൾ കുതിക്കുന്നു, വില്ലൻ ഒമിക്രോൺ

ദില്ലി: രാജ്യത്ത് കൊവിഡ്  മൂന്നാം തരംഗത്തിന്റെ (Third Wave) ശക്തമായ സൂചനയായി ഒമിക്രോൺ (Omicron) വ്യാപനം. ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് (Covid) സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുപത്തിരണ്ടായിരം കടന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് പ്രിതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഇതിനിടെ കൗമാരക്കാരിലെ വാക്സിനേഷന് രജിസ്ട്രേഷൻ ആരംഭിച്ചു.

രാജ്യത്ത് ഒമിക്രോൺ സാന്നിധ്യം ഡെൽറ്റയെ മറികടന്നു തുടങ്ങിയതായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ജനിതക ശ്രേണീകരണം നടത്തിയ സാമ്പിളുകളിൽ 50 ശതമാനത്തിലധികം ഒമിക്രോൺ ആണ്. വിമാനത്താവളങ്ങളിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളിലും 80 ശതമാനവും ഒമിക്രോൺ തന്നെ. 

1413 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചതായതാണ് ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്താണ് കേരളം. ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ പ്രതിദിന കൊവിഡ് കേസുകളും കുത്തനെ കൂടി. ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയഞ്ചാണ് ഏറ്റവും പുതിയ കൊവിഡ് കണക്ക്. ഒരു ദിവസത്തിനിടെ എണ്ണായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്ര ആശങ്കയുടെ കേന്ദ്രമാവുകയാണ്. 454 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. 

ബംഗാൾ, ദില്ലി കേരളം, തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കേസുകൾ. രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 88 ദിവസത്തിന് ശേഷം രണ്ട് ശതമാനം കടന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനൊപ്പം പരിശോധനകളുടെ എണ്ണം കൂട്ടാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോം ടെസ്റ്റ് കിറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു. 

കൊവിൻ ആപ്പിൽ കൗമാരക്കാരുടെ വാക്സിനേഷനുള്ള രജിസ്ട്രേഷൻ തുടങ്ങിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടികൾ സുരക്ഷിതമെങ്കിൽ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമെന്നും, വാക്സിനേഷന് അർഹരായ കുട്ടികൾ കൊവിനിൽ റെജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.