ഫുട്ബോള്‍ കളിക്കാര്‍ ടാറ്റൂ പതിക്കുന്നത് വിലക്കി ചൈന

ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ഫുട്ബോൾ താരങ്ങളെ ടാറ്റൂ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും അവരുടെ ശരീരത്തില്‍ ഇതുവരെ പതിച്ച ടാറ്റൂകള്‍ നീക്കം ചെയ്യാനും ചൈനയുടെ നിര്‍ദ്ദേശം. ദേശീയ തലത്തിലും യൂത്ത് സ്ക്വാഡുകളിലും ടാറ്റൂ പതിച്ച പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യുന്നത് "കർശനമായി നിരോധിച്ചിരിക്കുന്നു" എന്ന് രാജ്യത്തെ സ്പോർട്സ് അഡ്മിനിസ്ട്രേഷൻ ബോഡി അറിയിച്ചു. ഈ നീക്കം "സമൂഹത്തിന് നല്ല മാതൃക" സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് സര്‍ക്കാറിന്‍റെ കണ്ടെത്തല്‍. അന്താരാഷ്ട്ര ഡിഫൻഡർ ഷാങ് ലിൻപെങ് ഉൾപ്പെടെയുള്ള ചൈനീസ് കളിക്കാർ തങ്ങളുടെ ശരീരത്തില്‍ ടാറ്റൂ പതിച്ചിട്ടുണ്ട്. ടാറ്റു ചൈനീസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന വിശ്വാസത്തിലാണ് ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടം ടാറ്റൂ വിലക്കുമായി രംഗത്തെത്തിയത്. മാത്രമല്ല കളിക്കാരില്‍  ദേശസ്നേഹം വളര്‍ത്താന്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തണമെന്നും മാനേജ്മെന്‍റുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ചൈനയുടെ ഡിഫൻഡർ ഷാങ് ലിൻപെങ് ഉൾപ്പെടെയുള്ള ചില ദേശീയ താരങ്ങളോട് അവരുടെ ശരീരത്തുള്ള ടാറ്റൂകൾ മറയ്ക്കാൻ മുമ്പ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ശരീരത്തില്‍ ആളുകള്‍ ടാറ്റൂ ചെയ്യുന്നത് തടയാനായി ചൈന 2018 ന്‍റെ പകുതി മുതൽ നിയന്ത്രണം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്.  ഇതേ തുടര്‍ന്ന് ചില പ്രൊഫഷണൽ ഫുട്ബോൾ കളിക്കാർ അവരുടെ 'ശരീരകല' മറയ്ക്കാനായി 'ഫുള്‍ കൈ' വസ്ത്രങ്ങള്‍ ധരിക്കുന്നതും പതിവാക്കിയിരുന്നു. 

ദേശീയ ടീമിനും ക്ലബ്ബായ ഗ്വാങ്‌ഷു എഫ്‌സിക്കും വേണ്ടി കളിക്കുമ്പോൾ ഡിഫൻഡർ ഷാങ് ലിൻപെങിനോട് ശരീരത്തിലെ ടാറ്റൂ മൂടിവയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 'ഫുട്ബോൾ കളിക്കാരുടെ മാനേജ്മെന്‍റിനെ ശക്തിപ്പെടുത്തുക' എന്ന പ്രസ്താവനയിൽ ചൈനീസ് ഫുട്ബോൾ അസോസിയേഷൻ ദേശീയ ടീം കളിക്കാർക്ക് ആവശ്യമായ അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കുമെന്ന് അറിയിച്ചു.