നിയമലംഘനം നടന്നത് സഭാ ഭൂമിയില്‍ ബോര്‍ഡ് അടക്കം സ്ഥാപിച്ച്, അറിഞ്ഞില്ലെന്ന സഭയുടെ വാദം സംശയത്തില്‍

നിയമലംഘനം നടന്നത് സഭാ ഭൂമിയില്‍ ബോര്‍ഡ് അടക്കം സ്ഥാപിച്ച്, അറിഞ്ഞില്ലെന്ന സഭയുടെ വാദം സംശയത്തില്‍

ചെന്നൈ: തമിഴ്നാട്ടിലെ അംബാ സമുദ്രത്തിലുള്ള മലങ്കര കത്തോലിക്ക സഭയുടെ (Malankara Catholic Church) 300 ഏക്കർ ഭൂമിയുടെ മറവിൽ നടന്ന പരിസ്ഥിതി ചൂഷണത്തിന്‍റെ കൂടുതൽ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന്. കൃഷിക്കായാണ് ഭൂമി പാട്ടത്തിന് നൽകിയതെന്ന് സഭ പറയുമ്പോഴും സഭാ ഭൂമിയിൽ ബോർഡ് അടക്കം സ്ഥാപിച്ചാണ് ഭൂമി പാട്ടത്തിനെടുത്ത കോട്ടയം സ്വദേശി മാനുവൽ ജോർജ് മണൽ കച്ചവടം നടത്തിയത്. പുഴയിൽ നിന്നും വാരിയ മണൽ മാനുവൽ ജോർജ് വ്യാപകമായി സംഭരിച്ചതും കടത്തിയതും സഭയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ നിന്നാണ്. ഇതറിഞ്ഞില്ലെന്ന് പറയുന്ന മലങ്കര സഭക്ക് പരിസ്ഥിതി ചൂഷണം നടന്ന ഈ സ്ഥലത്ത് നിന്ന് കണ്ണെത്തും ദൂരത്ത് ക്വാർട്ടേഴ്സുണ്ട്. 

സഭയുടെ പ്രതിനിധികൾ എത്തിയാൽ വിശ്രമിക്കുന്ന മേൽനോട്ടക്കാരനുള്ള ഈ ക്വാർട്ടേഴ്സിൽ നിന്നും 100 മീറ്റർ അപ്പുറമാണ് മാനുവൽ ജോർജ് ബോർഡ് സ്ഥാപിച്ചത്. കൃഷി ഭൂമി നടത്താനാണ് ഭൂമി നൽകിയതെന്നും സംഭവിച്ചതൊന്നും അറിഞ്ഞില്ലെന്നുമുള്ള സഭയുടെ മറുപടി വിചിത്രമാണ്. ഒപ്പം മാനുവല്‍ ജോർജ് 2019 മുതൽ വരെ 2024 വരെ ക്രഷർ നടത്താൻ തമിഴ്നാട് സർക്കാരിൽ നിന്നും നേടിയെടുത്ത അനുമതിയും ഈ വാദങ്ങൾക്ക് തിരിച്ചടിയാണ്. 2020 സെപ്റ്റംബറിലെ പൊതുതാല്‍പ്പര്യ ഹർജിയിലാണ് കേസ് തുടങ്ങുന്നത്. തുടർന്ന് റവന്യൂ പരാതിയിൽ പൊലീസ് ആദ്യ കേസ് എടുക്കുമ്പോൾ മാനുവൽ ജോർജ് അടക്കം 22 പ്രതികളാണുണ്ടായിരുന്നത്. 

ഈ അന്വേഷണത്തിലെ  കള്ളക്കളികള്‍ ഉയർത്തി ക്രിസ്റ്റി എന്ന യുവതി ഹൈക്കോടതിയിൽ ഹർജി നൽകിതോടെയാണ് മധുര ബഞ്ച് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് അന്വേഷണം കൈമാറുന്നത്. തുടർന്നാണ് പാട്ടക്കാരന് പുറമേ ഭുമി ഉടമകളായ സഭയും പ്രതിക്കൂട്ടിലാക്കുന്നത്. ഒൻപതേ മുക്കാൽ കോടി പിഴയിട്ടത് ഒടുക്കാതിരുന്നതും സ്ഥിതി വഷളാക്കി. ഇതിനിടെ മാനുവൽ ജോർജ് ജാമ്യമെടുത്തു. സിബിസിഐഡിക്ക് മുന്നിൽ അന്വേഷണത്തോട് സഹകരിക്കാൻ തിരുനെൽവേലിയിൽഎത്തിയ പത്തനംതിട്ട ബിഷപ്പ് സാമുവൽ ഐറേനിയോസും അഞ്ച് വൈദികരും അറസ്റ്റിലുമായി. ഭൂമി ഉടമകൾ എന്നതിനൊപ്പം മാനുവൽ ജോർജുമായുളള ഇടപാടുകളുടെ കൂടുതൽ തെളിവുകളും സഭാ വൈദികർക്കെതിരെ ഉയർത്തിയാണ് സിബിസിഐഡി നീക്കങ്ങൾ.