'ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍'; കെ റെയിലിലും ലോകായുക്തയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

'ചര്‍ച്ച വേണ്ടാത്ത മാവോലൈന്‍'; കെ റെയിലിലും ലോകായുക്തയിലും സര്‍ക്കാരിനെ വിമര്‍ശിച്ച് സത്യദീപം

കൊച്ചി: ലോകായുക്ത ഓര്‍ഡിനനിന്‍സിലും (Lokayukta) കെ റെയിലിലും (K Rail) സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ചര്‍ച്ച വേണ്ടാത്ത മാവേലൈനാണ് സംസ്ഥാന സര്‍ക്കാരിനെന്നാണ് മുഖപത്രത്തിലെ രൂക്ഷ വിമര്‍ശനം. പതിനായിരങ്ങളെ തെരുവിലിറക്കിയുള്ള കെ റെയില്‍ മാത്രമാണ് കേരളത്തിന്‍റെ വികസന മുരടിപ്പിന് ഏക പരിഹാരമെന്ന മട്ടില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ആവര്‍ത്തിക്കുന്നത് മനസ്സിലാകുന്നില്ലെന്ന് ബഹുഭൂരിപക്ഷം പറയുമ്പോള്‍ പദ്ധതിയുമായി മുന്നോട്ടെന്ന 'മാവോ' ലൈനിലാണ് സര്‍ക്കാര്‍.

വലിയ സാമൂഹിക - പാരിസ്ഥിതിക - സാമ്പത്തികാഘാതമുറപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യാത്തതെന്താണെന്ന പ്രതിപക്ഷ കക്ഷികളുടെ സംശയത്തെ പാര്‍ട്ടി നിശ്ചയിച്ച 'പൗരപ്രമുഖരെ' വിളിച്ചു ചേര്‍ത്താണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കി പാവപ്പെട്ടവരുടെ അടുക്കളകളില്‍പ്പോലും അതിരടയാളക്കുറ്റി തറച്ചുകൊണ്ടാണ് സര്‍ക്കാര്‍ മറുപടിയെന്നും സത്യദീപം എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു. ജനങ്ങള്‍ക്ക് ബോധ്യമാകാത്ത പദ്ധതി എങ്ങനെ ജനകീയമാകും എന്ന ചോദ്യം കേരളത്തിലെ ഉന്നത നീതിപീഠത്തിന്‍റേതാണ്. കെ റെയിലനെതിരെ കവിതയെഴുതിയ ഇടത് സഹയാത്രികന്‍ റഫീഖ് അഹമ്മദിന് എതിരെ 'സാമൂഹ്യ' മര്‍ദ്ദനമഴിച്ചുവിട്ടതാണ് നവോത്ഥാന കേരളത്തിലെ ഒടുവിലത്തെ സാംസ്‌കാരിക പാഠം. ലോകായുക്തയെ വെറും അന്വേഷണ കമ്മീഷനാക്കിയെന്നും സര്‍ക്കാരിന്‍റേത് ഫാസിസ്റ്റ് തന്ത്രമെന്നും സഭാപ്രസിദ്ധീകരണത്തില്‍ പറയുന്നു.