നാളെയുടെ വിസ്മയ ലോകം സൃഷ്ടിക്കാൻ : മെറ്റാവേഴ്സ്, ചുവടുവയ്ക്കാൻ കോടികളിറക്കി ടെക് ഭീമന്മാരും

നാളെയുടെ വിസ്മയ   ലോകം സൃഷ്ടിക്കാൻ : മെറ്റാവേഴ്സ്, ചുവടുവയ്ക്കാൻ കോടികളിറക്കി ടെക് ഭീമന്മാരും

മൊബൈൽ ഇന്റർനെറ്റ് വന്നതുപോലെ ഇന്റർനെറ്റ് യുഗത്തിലെ മഹാസംഭവം എന്നാണ് ഫെയ്സ്ബുക് മെറ്റാ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴുള്ളതു പോലെ സെർച്ചും ചാറ്റും മീറ്റുമൊക്കെയായി വലയ്ക്കു പുറത്തെ മൂന്നാം കക്ഷിയാവില്ല മെറ്റയിൽ ഇന്റർനെറ്റ് പ്രജകൾ. അവിടെ അവർ ഇന്റർനെറ്റ് അനുഭവിക്കുകയാകും. നേരിട്ട് ഇടപെടുന്നതുപോലെ മറ്റൊരാളുമായി ‘മുഖദാവിൽ’ സംവദിക്കും. ഇ–ലോകം യഥാർഥ ലോകത്തിനു തൊട്ടടുത്തെത്തുമെന്നാണ് അവകാശവാദം. വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റ‍ഡ് റിയാലിറ്റി (എആർ) എന്നീ സങ്കേതികവിദ്യകളിൽ അധിഷ്ഠിതമാണ് മെറ്റാവേഴ്സ് മെറ്റാവേഴ്സിന് ഇനിയും സമ്പൂർണ നിർവചനം ആയിട്ടില്ല. അത് ഉരുത്തിരിഞ്ഞു വരുന്നതേയുള്ളു. ഇന്റർനെറ്റിന്റെ തൽസമയ ത്രിമാന അനുഭവം എന്ന് മെറ്റാവേഴ്സിനെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. അവിടെ എനിക്കും നിങ്ങൾക്കും കടന്നുചെല്ലാം, രൂപത്തോടുകൂടി സന്നിഹിതരാകാം, കണ്ടുമുട്ടാം, മുഖാമുഖം ചർച്ച നടത്താം, ഒരുമിച്ചു പ്രവർത്തിക്കാം, ഷോപ്പിങ് നടത്താം. ഒരു വീടിന്റെ ഫോട്ടോയോ വിഡിയോയോ കാണുന്നതുപോലെയാണോ ആ വീട്ടിലേക്ക് നമ്മൾ പ്രവേശിച്ച് അതിന്റെ മുക്കും മൂലയും കാണുന്നത്. അതുമല്ലെങ്കിൽ സ്വന്തം പ്രതിരൂപം സൃഷ്ടിച്ച് കോൺഫറൻസുകളിൽ പങ്കെടുക്കുന്ന ബിസിനസ് എക്സിക്യൂട്ടീവിനെ സങ്കൽപിക്കൂ. മെറ്റാവേഴ്സ് വരുന്നതോടെ ഇന്നത്തെ ഓൺലൈൻ സങ്കൽപത്തിലെല്ലാം വെർച്വലായെങ്കിലും നമ്മുടെ സാന്നിധ്യം സാധ്യമാകും. ഇനി സോഷ്യൽ മീഡിയയുടെ കാര്യമെടുത്താലോ. ഇപ്പോഴത്തെ ടെക്സ്റ്റ്, വോയ്‌സ്, വിഡിയോ ചാറ്റിനുമപ്പുറം പരസ്പരം കണ്ട്, ഇഷ്ടപ്പെട്ട ആംബിയൻസിൽ മുഖാമുഖമാകും സംഭാഷണം. നമ്മൾ നേരിട്ട് (വെർച്വൽ രൂപമായി) ചാറ്റ് റൂമിൽ സന്നിഹിതരായി സംഭാഷണം നടത്താം. മെറ്റാവേഴ്സിൽ ഷോപ്പിങ്ങും എന്തിന് വിവരങ്ങൾ സെർച് ചെയ്യുന്നതു വരെ വേറെ ലെവലാകും. ഓൺലൈൻ ഫാഷൻ സ്റ്റോറിൽ ഇപ്പോൾ വസ്ത്രങ്ങൾ ചിത്രങ്ങളും കുറിപ്പും കണ്ട് വാങ്ങാനേ വഴിയുള്ളൂ. മെറ്റാവേഴ്സിൽ ഷോറൂമിൽ ‘കടന്ന്’ വസ്ത്രം ‘ഇട്ട്’ കണ്ണാടിയിലെന്ന പോലെ കണ്ട് തൃപ്തിപ്പെട്ട് വാങ്ങാം. വിനോദ മാധ്യമം അടിമുടി മാറും ഓൺലൈൻ കൺസർട്ടുകളിൽ ഇഷ്ട ഗായകനൊപ്പം നമുക്കും ചുവടുവയ്ക്കാം, ഗെയിമുകളിൽ കളിക്കാർക്കൊപ്പം കടന്നുചെന്ന് മൽസരിക്കാം.