വിദ്യാര്‍ഥിനികള്‍ക്ക് രാത്രിയില്‍ വീഡിയോ കോള്‍, ചുംബന സ്‌മൈലി; അധ്യാപകനെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജ് (Chembazhanthy SN College) അധ്യാപകന്‍ അഭിലാഷിനെതിരെ (T Abhilash) കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളെ ഫോണിലൂടെ ശല്യപ്പെടുത്തിയ അധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അധ്യാപകനെ പിന്തുണച്ച കോളേജ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളുകയും അധ്യാപകനെ രൂക്ഷമായി വിമര്‍ശിക്കുന്നതുമാണ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി.അഭിലാഷിനെതിരെയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. 

രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കോളേജിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.  നിരന്തരം വാട്‌സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്‌മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതി. പരാതിപ്പെട്ടവരെ കോളേജ് മാനേജ്‌മെന്റും ചില അധ്യാപകരും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. ചുംബന സ്‌മൈലികള്‍ അടക്കം ശല്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടും പിന്നീടും കുട്ടികള്‍ക്ക് ഇത്തരം മെസേജ് അയച്ചത് ന്യായീകരിക്കാനാവില്ലെന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. ഒന്നില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇതേ അനുഭവമുണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനായി വിദ്യാര്‍ത്ഥികളോട് സംസാരിച്ച അധ്യാപകര്‍ക്കെതിരെയും പരമാര്‍ശമുണ്ട്.

വിദ്യാര്‍ത്ഥികളുടെ പരാതി അന്വേഷിച്ച കോളെജിന്റെ ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി സെല്‍ അഭിലാഷിന് അനൂകൂലമായായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്ക് പിന്നില്‍ പരപ്രേരണയാണെന്നും അധ്യാപകന്റെ പെരുമാറ്റത്തില്‍ അസ്വഭാവികത ഇല്ലെന്നുമായിരുന്നു ഐസിസിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഐസിസി, യുജിസി ചട്ടങ്ങള്‍ പോലും പാലിച്ചല്ല സ്ഥാപിച്ചിട്ടുള്ളതെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിഗമനം. പെരുമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും സര്‍ട്ടിഫിക്കറ്റില്‍ തൃപ്തികരമെന്ന് മാത്രം രേഖപ്പെടുത്തിയെന്നും മാനേജ്‌മെന്റ് വലയ്ക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതും ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.

ഐസിസി കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തി, വിദ്യാര്‍ത്ഥികളോട് മാനേജ്‌മെന്റ് വിവേചനത്തോടെ പെരുമാറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി. അഭിലാഷിനെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടും ഇപ്പോഴും മാനേജ്‌മെന്റ് ഇയാളെ സംരക്ഷിക്കുകയാണെന്നാണ് പരാതിക്കാരുടെ ആരോപണം. അതേസമയം തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അഭിലാഷ്. തന്നോട് വിരോധമുള്ള ചില അധ്യപകരാണ് പരാതിക്ക് പിന്നിലെന്നാണ് അഭിലാഷ് പറയുന്നത്. കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ പ്രതികരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല.