ലഡാക്കിലെ വാഹനാപകടം: സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു

ലഡാക്കിലെ വാഹനാപകടം: സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു

ദില്ലി: ലഡാക്കിലെ അപകടത്തിൽ പരിക്കേറ്റ സൈനികരിൽ ചിലരുടെ നില ഗുരുതരമായി തുടരുന്നു. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിൽ  അടക്കം പരിക്കേറ്റ സൈനികരുടെ ചികിത്സ തുടരുകയാണ്. 19 പേരാണ് നിലവിൽ  ചികിത്സയിലുള്ളത്. ഇന്നലെയാണ് ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മലയാളി അടക്കം 7 സൈനികർ വീരമൃത്യു വരിച്ചത്. 

മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് മരിച്ച മലയാളി സൈനികൻ. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ എത്തിയത്. സൈനിക സേവനം അവസാനിപ്പിക്കാൻ ഒരു വർഷം കൂടി ബാക്കി ഇരിക്കുമ്പോഴാണ് അപകടം. ഭാര്യ റഹ്മത്ത്. മൂന്ന് കുട്ടികൾ ഉണ്ട്. 

ലഡാക്കിലെ തുർത്തുക്ക് സെക്ടറിലായിരുന്നു അപകടം.26 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സൈനിക ക്യാമ്പിന്റെ 25 കിലോമീറ്റര്‍ അടുത്തെത്തിയപ്പോള്‍ വാഹനം നദിയിലേക്ക് വീഴുകയായിരുന്നു. 60 അടി താഴ്ചയിലേക്കാണ് വീണത്. പർതാപൂറിൽ നിന്ന് ഹനിഫിലേക്ക് നീങ്ങുകയായിരുന്ന സൈനികരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. തോയ്സിൽ നിന്ന് 25 കിലോമീറ്റർ അകലെയായിരുന്നു അപകടം. റോഡിൽ നിന്ന് ഷിയോക് നദിയിലേക്ക് വാഹനം പതിക്കുകയായിരുന്നു.