ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ കോഴ; കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ചൈനീസ് പൗരന്മാർക്ക് വിസ നൽകാൻ കോഴ; കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ദില്ലി: ചൈനീസ് പൗരന്മാർക്ക് വീസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസമായ ഇന്നും തുടരും. കേസിൽ രണ്ട് ദിവസമായി പന്ത്രണ്ട് മണിക്കൂർ കാർത്തിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാൽ യാതൊരു തെളിവുമില്ലാത്ത പൊള്ളയായ കേസിലാണ് തന്നെ സിബിഐ പ്രതിയാക്കിയിരിക്കുന്നതെന്നാണ് കാർത്തി ചിദംബരം പറയുന്നത്. കൂടാതെ അന്വേഷണ ഏജൻസി നടത്തിയ റെയിഡിൽ  പാർലമെൻ്റ് ഐടി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ കൊണ്ടുപോയെന്ന് കാർത്തി ചിദംബരം ആരോപിച്ചു.

വീസ കൈക്കൂലി കേസിൽ കാർത്തി ചിദംബരത്തിന്‍റെ  വിശ്വസ്തൻ അറസ്റ്റിലായിരുന്നു. ഇയാൾ വഴിയാണ് കാർത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ.  വീസ കേസിൽ ആഭ്യന്തരമന്ത്രാലയത്തിൽ കാർത്തി ചിദംബരം  സ്വാധീനം ചെലുത്തിയെന്ന് സിബിഐ എഫ്ഐആറിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയാണ്  അറസ്റ്റിലായ  ഭാസ്ക്കർ രാമൻ. കാർത്തി ചിദംബരത്തിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റും വിശ്വസ്തനാണ് ആണ് ഇയാൾ. ഇയാൾ വഴി താപവൈദ്യൂതി നിലയത്തിന്റെ നിർമ്മാണ കമ്പനി പണമിടപാട് നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. 

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പ്രോജക്ട്  വീസ മാനദണ്ഡത്തിൽ മാറ്റം വരുത്താൻ കാർത്തി ഇടപെട്ടെന്നാണ് സിബിഐ പറയുന്നത്.കമ്പനി നൽകിയ അപേക്ഷയിൽ പ്രോജക്ട്  വീസ  പുതുക്കി നൽകാനാവില്ലെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിവുണ്ടോയെന്ന് വ്യക്തമല്ലെന്നും  എഫ്ഐആറിൽ പറയുന്നുണ്ട്. താപവൈദ്യൂതി നിലയിത്തിന്റെ നിർമ്മാണത്തിന് ചൈനീസ് പൗരന്മാർക്ക് വീസ നൽകാൻ അൻപത് ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെ ദില്ലിയിലെ വസതിയിലടക്കം രാജ്യത്തെ പത്ത് ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.