അച്ഛനെ കൊല്ലുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു”: പൊട്ടിക്കരഞ്ഞ് ശ്രീനഗറിൽ മരിച്ച വ്യവസായിയുടെ മകള്‍

അച്ഛനെ കൊല്ലുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു”: പൊട്ടിക്കരഞ്ഞ് ശ്രീനഗറിൽ മരിച്ച വ്യവസായിയുടെ മകള്‍

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് വ്യവസായികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ മുഹമ്മദ് അൽതാഫ് ഭട്ട് എന്നയാളും ഉണ്ടായിരുന്നു. പിതാവിന്റെ മരണ വാർത്തയറിഞ്ഞ് കരയുന്ന കശ്മീരി പെൺകുട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

“രാവിലെ 10 മണിയോടെ എന്റെ ചാച്ചുവിന് (അമ്മാവൻ) ഒരു കോൾ വന്നു.. ചാച്ചു കരയാൻ തുടങ്ങി…ഞാൻ വീട്ടിലുണ്ടായിരുന്നു… അല്ലാഹുവിനോട് പ്രാർത്ഥിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ടു ഞാൻ ഓടി ചെന്നു..” വിഡിയോയിൽ ഭട്ടിന്റെ 13 വയസുള്ള മകൾ ആ നിമിഷത്തെ കണ്ണീരോടെ വിവരിക്കുന്നു.

“ഞാനിതെങ്ങനെ എന്‍റെ അനിയനോട് പറയും? നിങ്ങളെന്താണ് ഈ ചെയ്തത് എന്ന് ഞാന്‍ അവരോട്(പൊലീസിനോട്) വിറച്ചുകൊണ്ട് ചോദിച്ചു. പക്ഷേ അവര്‍ ഒരു നാണവുമില്ലാതെ പൊട്ടിച്ചിരിക്കുകയായിരുന്നു”- അല്‍ത്താഫ് ഭട്ടിന്‍റെ മകള്‍ പറയുന്നു.

“ഞാൻ എങ്ങനെ എന്റെ അമ്മയെ സമാധാനിപ്പിക്കും? വാർത്ത കേട്ടതുമുതൽ അമ്മ ഭക്ഷണം കഴിക്കുന്നില്ല.. കരയുകയാണ്, ഞാൻ എന്ത് ചെയ്യണം?” നിറകണ്ണുമായി അവൾ ചോദിക്കുന്നു. രണ്ട് വ്യവസായികളെയും സുരക്ഷാ സേന കൊലപ്പെടുത്തിയെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്. മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും ഇവരുടെ മൃതദേഹം കുടുംബത്തിന് നൽകിയിരുന്നില്ല. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൃതദേഹം വിട്ടുനൽകാൻ വിസമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.