ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി

ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി

ലഖ്നൗ/ ദില്ലി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ (UP Election 2022) ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക (Candidate List) പ്രഖ്യാപിച്ച് കോൺഗ്രസ് (Congress). ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള പാ‍ർട്ടിയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പ്രിയങ്കാ ഗാന്ധിയാണ് (Priyanka Gandhi) സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 125 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഉന്നാവിലെ സ്ഥാനാർത്ഥിയാണ്. കുൽദീപ് സിംഗ് സെംഗാർ (Kuldeep Singh Sengar) എന്ന ബിജെപി എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയുടെ അമ്മയാണ് ഉന്നാവിൽ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി. 

125-ൽ 50 പേരും സ്ത്രീകളാണെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി. സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 125 പേരിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. അങ്ങനെ ഏതാണ്ട് 80 ശതമാനവും പരമാവധി പുതുമുഖങ്ങളെയാകും കോൺഗ്രസ് അണിനിരത്തുക. ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു പുതിയ രാഷ്ട്രീയത്തിനാണ് യുപിയിൽ കോൺഗ്രസ് തുടക്കം കുറിക്കുന്നത് എന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്. 

ഉത്തർപ്രദേശിൽ ഏറ്റവുമാദ്യം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടുകയാണ് കോൺഗ്രസ്. ബിജെപി, എസ്പി എന്നീ പാർട്ടികൾ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടാൻ ഒരുങ്ങുന്നതേയുള്ളൂ. അതിന് മുമ്പാണ് പതിവില്ലാത്ത വിധം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക നേരത്തേ പുറത്തുവിടുന്നത്.

2017-ലാണ് ഏറെ വിവാദക്കൊടുങ്കാറ്റുയർത്തിയ ഉന്നാവ് ബലാത്സംഗക്കേസ് പുറത്തുവന്നത്. ജോലി തേടി എംഎൽഎ ഓഫീസിലെത്തിയ 19-കാരിയായ പെൺകുട്ടിയെ എംഎൽഎ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരി വെളിപ്പെടുത്തിയത്. കുൽദീപ് സെംഗാറിന്‍റെ വീടിന് മുന്നിലെത്തി പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് കേസ് ദേശീയശ്രദ്ധയിൽ വരുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ കുൽദീപ് സെംഗാറിന്‍റെ സഹോദരൻ ക്രൂരമായി മർദ്ദിച്ച് കൊന്നിരുന്നു. ഇത് വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയർത്തിയത്. 

ഇതേത്തുടർന്ന് വലിയ പൊട്ടിത്തെറിയാണ് യുപി ബിജെപിയിലുണ്ടായത്. ഏറെക്കാലം കുൽദീപ് സെംഗാറിനെ സംരക്ഷിച്ച ബിജെപിക്ക് ഒടുവിൽ കേസിൽ കോടതി എംഎൽഎയെ ശിക്ഷിച്ചതോടെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നു. പിന്നീടും പല തവണ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പരാതിയുയർന്നെങ്കിലും അവർ സഞ്ചരിച്ച കാർ ലോറിയുമായി ഇടിച്ച് അപകടമുണ്ടായതോടെ വീണ്ടും കേസ് ദേശീയശ്രദ്ധയിലെത്തി. പെൺകുട്ടി അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. പെൺകുട്ടിയെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ സെംഗാർ തന്നെയാണെന്ന് ശക്തമായ ആരോപണങ്ങളുയർന്നു.

ഇങ്ങനെ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ദിനേന വാർത്തയായ ഉത്തർപ്രദേശിൽ ഇത് തന്നെയാണ് യോഗി സ‍ർക്കാരിനെതിരെ പ്രധാനപ്രചാരണവിഷയമായി കോൺഗ്രസ് ഉയർത്തിക്കാട്ടാൻ ഉദ്ദേശിക്കുന്നത്. നിങ്ങൾ സ്ത്രീയായതുകൊണ്ട് മാത്രം അപമാനിക്കപ്പെട്ടിട്ടുണ്ടോ? പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ? കോൺഗ്രസുണ്ട് നിങ്ങൾക്കൊപ്പം - പ്രിയങ്കാ ഗാന്ധി പറയുന്നു. 'ലഡ്കി ഹൂം, ലഡ് സക്തീ ഹൂം' (പെൺകുട്ടിയാണ്, പോരാടും) എന്നാണ് കോൺഗ്രസിന്‍റെ പ്രചാരണമുദ്രാവാക്യം. 

''പാർട്ടിയെ ശക്തിപ്പെടുത്താനും, സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആവശ്യത്തിനായി പോരാടുമെന്നുറപ്പാക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. നെഗറ്റീവ് പ്രചാരണത്തിന് ഞങ്ങളില്ല. വികസനത്തിനും ദളിത്, പിന്നാക്കവിഭാഗക്കാരുടെ ഉന്നമനത്തിനുമാണ് ഞങ്ങൾ ശ്രമിക്കുക'', പ്രിയങ്ക പറഞ്ഞു.

''യുപിയിൽ എന്താണോ ഞാൻ തുടങ്ങി വച്ചത്, അത് തുടരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞാനീ സംസ്ഥാനത്തുണ്ടാകും. പാർട്ടിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുകയാണ് എന്‍റെ ലക്ഷ്യം. ഞാനത് നേടും'', പ്രിയങ്ക വ്യക്തമാക്കുന്നു. 

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തോടെ വെറും ഏഴ് സീറ്റിലൊതുങ്ങിയ കോൺഗ്രസ് സംസ്ഥാനത്ത് ചെറു പ്രാദേശികകക്ഷികളുടെയത്ര പോലും സ്വാധീനമില്ലാത്ത പാർട്ടിയായി ചുരുങ്ങിപ്പോയിരുന്നു. ഹഥ്റാസിലെ ബലാത്സംഗക്കേസും ഉന്നാവിലെ ബലാത്സംഗവും തുടർന്ന് നടന്ന വിവാദങ്ങളും ദേശീയശ്രദ്ധയിലെത്തിക്കാൻ സജീവമായി രാഹുലും പ്രിയങ്കയും ശ്രമിച്ചിരുന്നതുമാണ്. 

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്.