കോട്ടയത്ത് സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; തട്ടിപ്പ് കണ്ടെത്തിയിട്ടും ക്രിമിനല്‍ നടപടികള്‍ ഇല്ല

കോട്ടയത്ത് സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു; തട്ടിപ്പ് കണ്ടെത്തിയിട്ടും ക്രിമിനല്‍ നടപടികള്‍ ഇല്ല

കോട്ടയം: സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് കോട്ടയം ജില്ലയിലെ ക്രമക്കേടുകള്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. സിപിഎം കോണ്‍ഗ്രസ് ഭരണസമിതികള്‍ നടത്തിയ തട്ടിപ്പിന് വലിയ വ്യാപ്തിയാണ് ഉള്ളത്. ഇരുപക്ഷത്തെയും നേതാക്കള്‍ തട്ടിപ്പില്‍ പങ്കാളിയാകുമ്ബോള്‍ കേസിലെ അന്വേഷണം എവിടെയും എത്തുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. സഹകരണ വകുപ്പ് പല ബാങ്കുകളും നടത്തിയ തട്ടിപ്പുകള്‍ പല അന്വേഷണങ്ങളുടെയും കണ്ടെത്തിയിരുന്നു. ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിടുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടാകുന്നില്ല.

കോട്ടയം ജില്ലയില്‍ ഭരണകക്ഷിയായ സിപിഎം നേതൃത്വം നല്‍കിയ ബാങ്ക് ആണ് വെള്ളൂരിലേത്. ഇവിടെ സിപിഎം ഭരണസമിതി തട്ടിപ്പ് നടത്തിയത് 44 കോടി രൂപയ്ക്കാണ്. ഒന്നര വര്‍ഷം മുന്‍പ് തട്ടിപ്പ് സംബന്ധിച്ച്‌ അന്വേഷണം നടത്തി സഹകരണവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ലക്ഷക്കണക്കിന് രൂപ നിക്ഷേപം നടത്തിയ സാധാരണക്കാരായ ജനങ്ങള്‍ പണം തിരികെ ലഭിക്കാനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് വെള്ളൂരില്‍ ഉള്ളത്.

വെള്ളൂരിലെ തട്ടിപ്പില്‍ സിപിഎം അച്ചടക്ക നടപടി എടുത്തത് ഒഴിച്ചാല്‍ മറ്റ് കാര്യമായി ഒന്നും ഉണ്ടായിട്ടില്ല. ഇവിടുത്തെ ഭരണസമിതി പിരിച്ചുവിട്ടു. എന്നാല്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും തിരിച്ചു കിട്ടിയിട്ടില്ല. ഒരേ ഈടിന്റെ പേരില്‍ ഒന്നിലധികം വായ്പ എന്ന് തട്ടിപ്പാണ് വെള്ളൂരില്‍ പ്രധാനമായും ഉണ്ടായത്. നിക്ഷേപങ്ങള്‍ക്കു മേല്‍ നല്‍കിയ ലോണുകളും പലതരത്തിലുള്ള തട്ടിപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇതെല്ലാം സഹകരണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.

യുഡിഎഫ് ഭരണ സമിതി നടത്തിയ വലിയ തട്ടിപ്പുകളാണ് പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കിലും, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്കിലും ഉണ്ടായത്. ആന്‍ഡ് ആന്റണി എംപി യുടെ സഹോദരന്മാര്‍ സ്ഥലത്തുണ്ടായിരുന്ന ബാങ്കുകളാണ് ഇതുരണ്ടും. മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്കില്‍ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന കാലയളവിലാണ് വലിയ തട്ടിപ്പ് നടന്നത്. പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആന്റ്റോ ആന്റണി എംപി യുടെ ഇളയ സഹോദരന്‍ ചാള്‍സ് ആന്റണി ആയിരുന്നു സെക്രട്ടറി. സ്വന്തക്കാര്‍ക്ക് പരിധിയില്‍ കവിഞ്ഞ വായ്പ നല്‍കുന്നതും നിക്ഷേപത്തില്‍ ഉണ്ടായ തട്ടിപ്പും ആണ് പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഉണ്ടായത്.

ചെറിയ വസ്തുവിന് ഉയര്‍ന്നതോതില്‍ തുക വായ്പ അനുവദിച്ച്‌ അതില്‍ നിന്ന് ഒരു ഭാഗം തട്ടിയെടുത്തുവെന്നത് ആണ് മൂന്നിലവ് ബാങ്കില്‍ നടന്നത്.സഹകരണ ബാങ്ക് തട്ടിപ്പുകള്‍ ചര്‍ച്ചയാകുന്നതിനിടെ സഹകരണ മന്ത്രി വി എന്‍ വാസവന്‍ അനധികൃതമായി ബാങ്ക് മെമ്ബര്‍ഷിപ്പ് നേടിയെന്ന അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ചയാകുകയാണ്. കോട്ടയം ഇളംകുളം ബാങ്കില്‍ 1996 ല്‍ നിയമവിരുദ്ധമായി വി എന്‍ വാസവന്‍ ജാമ്യം നിന്നതായും അന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

13 കോടി രൂപയുടെ വായ്പാ തട്ടിപ്പില്‍ ആരോപണമുണ്ടായെങ്കിലും ഇടതു വലതു സര്‍ക്കാരുകള്‍ അന്ന് ആരോപണവിധേയരായ വി എന്‍ വാസവനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസിനുമെതിരെ ക്ലീന്‍ ചിറ്റ് നല്‍കി. ഇതിലും ആക്ഷേപമുണ്ട്. ഇതിനെതിരെ പരാതിക്കാരനായ ജോഷിയാണ് രംഗത്ത് വന്നത്.ആരോപണങ്ങളെല്ലാം അന്വേഷിച്ച്‌ തള്ളിയതാണ് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. ഇടതു വലതു മുന്നണികള്‍ ബാങ്ക് തട്ടിപ്പുകളിള്‍ ഒരേപോലെ മത്സരിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് കാണുന്നത്.