'പുടിൻ യുദ്ധക്കുറ്റവാളി', ബൈഡൻ, പൊറുക്കില്ല പ്രസ്താവനയെന്ന് റഷ്യ, ആക്രമണം തുടരുന്നു

'പുടിൻ യുദ്ധക്കുറ്റവാളി', ബൈഡൻ, പൊറുക്കില്ല പ്രസ്താവനയെന്ന് റഷ്യ, ആക്രമണം തുടരുന്നു

കീവ്/ മോസ്കോ/ വാഷിംഗ്ടൺ ഡി സി: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. റഷ്യ യുക്രൈനിൽ സൈനിക അധിനിവേശം തുടങ്ങിയ ശേഷം വ്യക്തിപരമായി പുടിനെതിരെ ഇത്തരമൊരു രൂക്ഷപരാമർശം ബൈഡൻ നടത്തുന്നത് ഇതാദ്യമാണ്. യുക്രൈന് സൈനികസഹായവുമായി ഒരു ബില്യൺ ഡോളറിന്‍റെ ആയുധങ്ങൾ അമേരിക്ക എത്തിച്ചു. 

എന്നാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധിപേരെ കൊന്നൊടുക്കിയതിന്‍റെ പാപക്കറയുള്ള അമേരിക്കയുടെ തലവന്‍റെ പ്രതികരണം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് ക്രെംലിൻ ഇതിനോട് പ്രതികരിച്ചത്. എന്നാൽ റഷ്യൻ ഭരണകൂടത്തിൽ ബൈഡന്‍റെ പ്രസ്താവനയോടുള്ള അമർഷം പുകയുകയാണ്. അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്യാനാവില്ല ഈ പ്രസ്താവനയെന്നും ക്രെംലിനിൽ നിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

അകേസമയം, റഷ്യ യുക്രൈനിൽ രാസ, ജൈവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ റഷ്യൻ സുരക്ഷാ കൗൺസിൽ ജനറൽ നികോളായ പട്രുഷേവുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവുമായി ഫെബ്രുവരിയിൽ സംസാരിച്ച ശേഷം റഷ്യയും അമേരിക്കയും തമ്മിൽ നടത്തിയ ഏറ്റവും ഉയർന്ന തലത്തിലുള്ള നയതന്ത്രസംഭാഷണമാണിത്. ഇന്നലെ യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭാഷണമെന്നതും ശ്രദ്ധേയമാണ്.

എന്നാൽ യുക്രൈനിൽ രാസ, ജൈവ ആയുധങ്ങൾ പ്രയോഗിക്കപ്പെട്ടേക്കാമെന്ന മുന്നറിയിപ്പ് ലോകം ആശങ്കയോടെയാണ് കാണുന്നത്. ഫോൺ സംഭാഷണത്തിൽ അമേരിക്കയും റഷ്യയും പരസ്പരം രാസായുധങ്ങൾ യുക്രൈനിലെത്തിക്കുന്നുവെന്ന് പഴി ചാരിയെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ. ക്രെംലിനിലെ പുടിന്‍റെ ഏറ്റവും വലിയ മൂന്ന് വിശ്വസ്തരിൽ ഒരാളാണ് ജനറൽ പെട്രുഷേവ്. 1970-കൾ മുതൽ പുടിനൊപ്പമുള്ള മനസ്സാക്ഷിസൂക്ഷിപ്പുകാരിൽ ഒരാൾ.

അതേസമയം, തുടർച്ചയായ ഇരുപത്തിരണ്ടാം ദിവസവും യുക്രൈനിൽ റഷ്യ ആക്രമണം തുടരുകയാണ്. ആയിരക്കണക്കിന് പേർ അഭയം തേടിയ മരിയുപോളിലെ ഒരു തീയറ്ററിന് മുകളിലേക്ക് റഷ്യ ഷെല്ലാക്രമണം നടത്തിയെന്നാണ് മരിയുപോൾ ഡെപ്യൂട്ടി മേയർ സെറി ഒർലോവ് ബിബിസിയോട് പറഞ്ഞത്. ആയിരം മുതൽ ആയിരത്തിയിരുന്നൂറ് പേർ വരെ ആ തീയറ്ററിലുണ്ടായിരുന്നു. എത്ര പേർ കൊല്ലപ്പെട്ടുവെന്ന കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും സെറി ഒർലോവ് പറയുന്നു. 

ഇതുവരെ യുക്രൈനിൽ 729 പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ച കണക്ക്. എന്നാൽ യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ മുകളിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യ പഴയ ആയുധങ്ങളാണ് യുക്രൈന് മേൽ പ്രയോഗിക്കുന്നതെന്നാണ് യുകെ അടക്കമുള്ള രാജ്യങ്ങളുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. എത്രയും പെട്ടെന്ന് യുക്രൈൻ പിടിക്കാമെന്ന പുടിന്‍റെ മോഹം നടന്നില്ല. ആയുധങ്ങൾ കയ്യിലുള്ളത് പലതും തീർന്നതിനാലാകാം പഴയ ആയുധങ്ങൾ റഷ്യൻ സൈന്യം യുക്രൈനിൽ പ്രയോഗിക്കുന്നതെന്നും യുകെ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

ഇതിനിടെ, അഞ്ച് ദിവസം മുമ്പ് റഷ്യൻ സേന തട്ടിക്കൊണ്ട് പോയ മെലിറ്റോപോൾ ഗവർണറെ വിട്ടയച്ചതായി റിപ്പോർട്ടുകൾ വരുന്നു. യുക്രൈൻ സൈന്യം തടവിലാക്കിയ റഷ്യൻ പട്ടാളക്കാരെ കൈമാറിയാണ് മേയറെ മോചിപ്പിച്ചത്. കൈമാറിയ റഷ്യൻ പട്ടാളക്കാർ പലരും 2002-ലോ 2003-ലോ ജനിച്ചവരാണെന്നും, ഇപ്പോഴും കുട്ടികളായവരെയാണ് റഷ്യ പട്ടാളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും പ്രസിഡന്‍റ് സെലൻസ്കിയുടെ വാർത്താവിഭാഗം മേധാവി ദരിയ സറിവ്‍നായ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

അതേസമയം യുക്രൈനിലെ ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരിനിന്നവർക്ക് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതിൽ മരണം പതിമൂന്നായി ഉയർന്നു. റഷ്യ പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ് വടക്കൻ നഗരമായ ചെർണീവ്. ഒരു കെട്ടിടത്തിന് മുകളിലേക്ക് റഷ്യൻ ഷെൽ പതിച്ചതിനെത്തുടർന്ന് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഇതിന് താഴെ ഭക്ഷണം വാങ്ങാൻ വരി നിന്നവരാണ് കൊല്ലപ്പെട്ടത്. അമ്പതോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും ചെർണീവ് പൊലീസ് മേധാവ് വ്ലാദിമിർ നിദ്‍സെൽസ്കി വ്യക്തമാക്കുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാർ അണിയറയിൽ ഒരുങ്ങുന്നതായി യുക്രൈനിയൻ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യുന്നു. നാറ്റോ അംഗത്വം എന്ന ആവശ്യത്തിൽ നിന്ന് യുക്രൈൻ പിൻമാറുകയും സൈന്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുകയും ചെയ്യുക എന്ന റഷ്യൻ ധാരണകൾ പാലിച്ചാൽ യുദ്ധം അവസാനിക്കാനുള്ള ഉടമ്പടികൾ രൂപീകരിക്കാമെന്നാണ് ധാരണ. ഇതടക്കം പതിനഞ്ചിന ഉടമ്പടികളുള്ള സമാധാനക്കരാറിൻമേൽ ചർച്ചകൾ നടക്കുന്നതായാണ് ദ കീവ് ഇൻഡിപ്പെൻഡന്‍റ് എന്ന ഉക്രൈനിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. യുക്രൈൻ ഈ ധാരണകൾ പാലിച്ചാൽ ഉടൻ റഷ്യൻ സൈന്യം യുക്രൈനിൽ നിന്ന് പിൻമാറുന്നതടക്കമുള്ള കാര്യങ്ങൾ സമാധാനക്കരാറിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

യുക്രൈന് മേലുള്ള റഷ്യൻ അധിനിവേശവും സൈനിക ആക്രമണങ്ങളും അടിയന്തരമായി നിർത്തണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഇന്നലെ നെതർലൻഡ്സിലുള്ള ഹേഗിലെ അന്താരാഷ്ട്ര നീതിന്യായകോടതി ഉത്തരവിട്ടിരുന്നു. ''റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം'', എന്നാണ് കോടതിയുടെ ഉത്തരവ്. രണ്ടിനെതിരെ 13 വോട്ടുകൾ നേടിയാണ് ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. 

റഷ്യൻ സൈനികനീക്കം ചൂണ്ടിക്കാട്ടി യുക്രൈനാണ് കോടതിയെ സമീപിച്ചത്. യുക്രൈനിയൻ സർക്കാർ നൽകിയ അപേക്ഷയിൽ, റഷ്യ യുക്രൈനിൽ നടത്തുന്നത് വംശഹത്യയാണെന്നും, ക്രൂരമായ സൈനികാക്രമണമാണെന്നും ആരോപിക്കുന്നു. അടിയന്തരമായി സൈനികനീക്കം നിർത്താൻ ഉത്തരവിടണമെന്നും അന്താരാഷ്ട്ര നീതിന്യായകോടതിയോട് യുക്രൈനിയൻ സർക്കാർ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ഹേഗിലെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

നമ്മുടെ സുപ്രീംകോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് ധൽവീർ ഭണ്ഡാരി അടക്കമുള്ളവർ ചേർന്നാണ് വിധി പ്രസ്താവിച്ചതെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര കോടതിയുടെ 15 അംഗബഞ്ചിന്‍റേതാണ് വിധി. കേസിൽ മാർച്ച് ഏഴ് വരെ കോടതി വാദം കേട്ടു. കേസുമായി സഹകരിക്കാൻ ആദ്യഘട്ടത്തിൽ റഷ്യ തയ്യാറായിരുന്നതുമില്ല. 

എന്നാൽ പിന്നീട് കേസിന്‍റെ വാദം നടക്കുമ്പോൾ യുക്രൈന്‍റെ വാദങ്ങൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ റഷ്യ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഒപ്പം അന്താരാഷ്ട്രനീതിന്യായകോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്നും റഷ്യ യുഎൻ സുരക്ഷാ കൗൺസിലിൽ വാദിച്ചു. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് റഷ്യ യുക്രൈനെ ആക്രമിച്ചതെന്നും അതിൽ 1951-ലെ വംശഹത്യാ കൺവെൻഷൻ ലംഘിക്കുന്ന ഒന്നുമില്ലെന്നുമായിരുന്നു റഷ്യയുടെ വാദം. 

എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിയ അന്താരാഷ്ട്രകോടതി, കേസുമായി സഹകരിക്കാത്ത റഷ്യയുടെ നടപടി നിർഭാഗ്യകരമാണെന്ന് നിരീക്ഷിച്ചു. അടിയന്തരമായി യുക്രൈനിൽ റഷ്യ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ അവസാനിപ്പിച്ചേ പറ്റൂവെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. 

ഇതിനിടെ യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, വേൾഡ് ട്രേഡ് സെന്‍റർ ആക്രമണവും പേൾ ഹാർബർ ആക്രമണവുമായെല്ലാം സമാനതകളുള്ളതാണ് റഷ്യയുടെ യുക്രൈൻ അധിനിവേശമെന്ന് ആരോപിച്ചു. വ്യോമനിരോധിതമേഖലയായി യുക്രൈനെ പ്രഖ്യാപിക്കാനുള്ള ആവശ്യം യൂറോപ്യൻ യൂണിയനോ നാറ്റോയോ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തനിക്ക് വ്യക്തമായതായി പറഞ്ഞ സെലൻസ്കി, അതേസമയം, യുദ്ധത്തിൽ റഷ്യയെ പ്രതിരോധിക്കാൻ യുക്രൈനെ സഹായിക്കണമെന്ന ആവശ്യം വീണ്ടും യു എസ് കോൺഗ്രസിന് മുന്നിൽ വച്ചു. ''ഞങ്ങൾക്ക് നിങ്ങളെ ഇപ്പോൾ ആവശ്യമുണ്ട്'', സെലൻസ്കി പറ‌ഞ്ഞു.