മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച; ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും

മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷ വീഴ്ച; ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ (Mullaperiyar Dam) സുരക്ഷാ വീഴ്ചയിൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടി.

ഞായറാഴ്ച നാലു പേർ മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക്  നിയമവിരുദ്ധമായി കയറിയിരുന്നു. ഇവർ എത്തിയത് പൊലീസുകാർ ജിഡിയിൽ എഴുതിയിരുന്നില്ല. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ എത്തിയത് പൊലീസുകാർ ഡിവൈഎസ്പിയെ അറിയിച്ചില്ല. വിവരം ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസ് എടുത്തത്. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിവൈഎസ്പി എസ്പിയ്ക്ക് റിപ്പോർട്ട്‌ നൽകും. സംഭവത്തിൽ പൊലീസുകാരുടെ ഭാഗത്ത്‌ ഉണ്ടായത് ഗുരുതര വീഴ്ചയാണ് എന്ന് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. 

തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ അണക്കെട്ടിലെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുൾ സലാം, ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. ‍

അണക്കെട്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്റെ ഗുരുതര വീഴ്ച്ച. തമിഴ്നാട് സംഘമെന്ന് തെറ്റിദ്ധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്തുകൊണ്ട് ജിഡി രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്.