അപകടത്തില്‍ കാല് നഷ്ടമായി, വീടില്ല, റേഷന്‍ കാര്‍ഡ് എപിഎല്ലും, 6 വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങി വിന്‍സി

അപകടത്തില്‍ കാല് നഷ്ടമായി, വീടില്ല, റേഷന്‍ കാര്‍ഡ് എപിഎല്ലും, 6 വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങി വിന്‍സി

കോട്ടയം: അപകടത്തിൽ ഒരു കാലും കൈവിരലും നഷ്ടമായ കോട്ടയം ഏറ്റുമാനൂർ സ്വദേശി വിൻസി (Vincy) റേഷൻ കാർഡിനും (Ration Card) വീടിനുമായി നടപ്പ് തുടങ്ങിയിട്ട് ആറുവർഷം. 1998 ൽ റെയിൽവേ പാളത്തിന് സമീപത്ത് കൂടി നടക്കുമ്പോള്‍ അപസ്മാരം വന്ന് വിന്‍സി പാളത്തിലേക്ക് വീണു. ട്രെയിൻ കയറി ഒരു കാലും കൈവിരലും നഷ്ടപ്പെട്ടു. മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജീവിതത്തിലക്ക് തിരിച്ച് വന്നു. പക്ഷേ ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടത്തിൽ സർക്കാർ വകുപ്പുകളുടെ ചുവപ്പ് നാടയെ ജയിക്കാനാവുന്നില്ല. ഏറ്റുമാനൂർ പോത്തുംമൂട് കവലയിൽ ലോട്ടറി വിറ്റാണ് വിന്‍സി ജീവിക്കുന്നത്.

2016 ൽ റേഷൻ കാർഡിന് അപേക്ഷിച്ചപ്പോൾ തുടങ്ങിയതാണ് വിൻസിയുടെ ദുരിതം. നാല് വർഷത്തെ ശ്രമത്തിനൊടുവിൽ റേഷൻ കാർഡ് കിട്ടി പക്ഷേ അത് എപിഎല്ലാണ്. ലൈഫ് പദ്ധതിയിൽ വീടെന്നത് വിന്‍സിക്ക് ഇപ്പോഴും സ്വപ്നമായി തുടരുന്നു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഭർത്താവിനും ലോട്ടറി കച്ചവടമാണ്. കിട്ടുന്ന വരുമാനം ഒന്നിനും തികയാത്തതിനാൽ അഞ്ചാം ക്ലാസുകാരനായ മകനെ ഇടുക്കി രാജാക്കാട്ടെ ഒരു സ്ഥാപനത്തിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. മൂന്ന് വർഷം മുമ്പ് ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകി. വാടക ഒഴിവാക്കാനായാൽ മകനെ കൂട്ടിക്കൊണ്ടുവന്ന് ഒപ്പം നിർത്താമെന്ന പ്രതീക്ഷയിലാണ് വിൻസി.