40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍; ജപ്പാന്‍ സന്ദര്‍ശനം തിരക്കേറിയതും, പ്രധാനപ്പെട്ടതും

40 മണിക്കൂറില്‍ പ്രധാനമന്ത്രിക്ക് 23 പരിപാടികള്‍; ജപ്പാന്‍ സന്ദര്‍ശനം തിരക്കേറിയതും, പ്രധാനപ്പെട്ടതും

ടോക്കിയോ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തുന്ന (Tokyo) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi), ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വ്യാപാര മേഖലക്ക് ഉണർവ് നൽകുന്ന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കേൾക്കും. 

മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി മോദി കൂടികാഴ്ച നടത്തും. ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്.

കൊവിഡ് സാഹചര്യത്തിലെ വിപണിയും ചർച്ചാ വിഷയമാകും. ചർച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി. ഇന്തോ - പസഫിക് മേഖലയിലെ സുരക്ഷയും, സാന്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. 

മേഖലയിലെ അനധികൃത മത്സ്യബന്ധനമടക്കം ചര്‍ച്ചയാകുമ്പോള്‍, ആരോപണം നേരിടുന്ന ചൈനക്കെതിരെ രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചേക്കും.ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ഓസ്ട്രേലിയ , ജപ്പാൻ പ്രധാനമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും.