സമാധാനം പുലരാൻ കാത്ത് ലോകം; യുക്രൈൻ - റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന്

സമാധാനം പുലരാൻ കാത്ത് ലോകം; യുക്രൈൻ - റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന്

മോസ്ക്കോ: യുക്രൈൻ - റഷ്യ (Ukraine - Russia) രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് - ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ (Russia) അറിയിച്ചിട്ടുണ്ട്. അതേസമയം, യുക്രൈനിലെ സൈനിക നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.

ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതിനിടെ യുദ്ധത്തിൽ തങ്ങളുടെ 498 സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ. 1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമായി ഉപയോ​ഗിക്കുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും റഷ്യ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും തമ്മിൽ നടന്ന ചർച്ചയ്ക്കിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്നും റഷ്യ അറിയിച്ചു. റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർകീവിലെ സാഹചര്യവും ഇരുവരും വിലയിരുത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. കാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് അറിയിച്ചിരിക്കുന്നത്.