ട്രെയിനിൽ മർദനമേറ്റ യാത്രക്കാരൻ നോട്ടപ്പുള്ളിയെന്ന് പൊലീസ്.

ട്രെയിനിൽ മർദനമേറ്റ യാത്രക്കാരൻ നോട്ടപ്പുള്ളിയെന്ന് പൊലീസ്.

കണ്ണൂർ: മാവേലി എക്സ്പ്രസിൽ എ.എസ്.ഐ.യുടെ മർദനത്തിനിരയായ ആളെ പോലീസ് തിരിച്ചറിഞ്ഞു. ക്രിമിനൽ കേസുകളിൽ പ്രതിയായ കൂത്തുപറമ്പ് നീർവേലി സ്വദേശി ഷമീർ(50) എന്ന 'പൊന്നൻ ഷമീറാ'ണ് തീവണ്ടിയിൽ മർദനത്തിനിരയായതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. എന്നാൽ ഇത് മനസ്സിലാക്കാതെ പോലീസ് ഇയാളെ ട്രയിനിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഇപ്പോൾ ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂത്തുപറമ്പ് സ്വദേശിയായ പൊന്നൻ ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസമെന്നും പീഡനക്കേസിലടക്കം പ്രതിയാണെന്നും പോലീസ് പറയുന്നു. ഷമീറിനെതിരേ മാല പൊട്ടിക്കൽ, ഭണ്ഡാര കവർച്ച തുടങ്ങിയ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ചില കേസുകളിൽ ഇയാൾ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് മദ്യലഹരിയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. സംഭവം വിവാദമായതോടെയാണ് മർദനത്തിനിരയായ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചത്.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളും വടകര സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഷമീറിനെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാൾ അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും പോലീസ് പറയുന്നു.