രണ്ടര വയസുകാരിയുടെ പരിക്ക്: ആരോഗ്യനില ഗുരുതരം, ശിശുക്ഷേമ സമിതി ആശുപത്രിയിലെത്തും, അമ്മക്കെതിരെ കേസ്
കൊച്ചി: തൃക്കാക്കര തെങ്ങോടിൽ പരിക്കുകളോടെ ആശുപത്രിയിൽ തുടരുന്ന രണ്ടര വയസ്സുകാരിയുടെ (Thrikkakkara Child) ആരോഗ്യനില ഗുരുതരമായി (Health condition critical) തുടരുന്നു. എറണാകുളം ജില്ല ശിശുക്ഷേമ സമിതി (Ernakulam District Child Welfare Committee) വൈസ് പ്രസിഡന്‍റ് ഇന്ന് ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ ആരോഗ്യനില ചോദിച്ചറിയും. കുട്ടിയ്ക്ക് ചികിത്സ വൈകിപ്പിച്ചതിൽ അമ്മയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിന്റെ സ൦രക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്.
കുട്ടി സ്വയം ഏൽപിച്ച പരിക്കെന്നും മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി അമ്മ ആവർത്തിക്കുകയാണ്. ഇവർക്കൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും അവരുടെ ഭർത്താവും സംഭവമുണ്ടായ ശേഷം വീട് വിട്ട സാഹചര്യത്തിൽ ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
തൃക്കാക്കര തെങ്ങോടിൽ ഗുരുതര പരിക്കുകളോടെ രണ്ടര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് എതിരെ കേസെടുത്തു. കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ചുമതലയുള്ള അമ്മ, ദിവസങ്ങൾക്ക് മുൻപ് കുഞ്ഞിന് മുറിവേറ്റിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പരിക്കുകൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് ഡോക്ടർമാ൪ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞിന് തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്. ദേഹമാസകലം പൊള്ളലേറ്റ പാടുകളും വലതു കൈയ്ക്ക് ഒടിവുമുണ്ട്. വെന്റിലേറ്ററിലാണ് കുഞ്ഞുള്ളത്. കുഞ്ഞിന്റെ പരിക്കിനെ പറ്റി അമ്മയുടെയും അമ്മൂമ്മയുടെയും മൊഴിയിൽ വൈരുദ്ധ്യമുണ്ട്. കുട്ടിയ്ക്ക് ഹൈപ്പർ ആക്ടിവിറ്റി പ്രശ്നമെന്നാണ് അമ്മയുടെ മൊഴി. കളിക്കുന്നതിനിടെ സംഭവിച്ച പരിക്കാണെന്നും ഇവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുപോയപ്പോഴുണ്ടായ പരിക്കെന്നാണ് അമ്മൂമ്മയുടെ മൊഴി. രണ്ട് പേരും മൊഴികളിൽ ഉറച്ചുനിൽക്കുകയാണ്. പരിശോധിച്ച ഡോക്ടർമാർ രണ്ട് പേരുടെയും മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തി.
കുഞ്ഞിനേറ്റ പരിക്കിൽ ചിലതിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കുഞ്ഞ് സ്വയം വരുത്തുന്ന പരിക്കുകളുടെ ലക്ഷണങ്ങളല്ല മുറിവുകൾക്കുള്ളത്. അമ്മയുടെ ബന്ധുക്കളുടെ മ൪ദ്ദനമാണോ പരിക്കിന്റെ കാരണമെന്ന് സ൦ശയം ഉയർന്നിരിക്കുന്നത്. അമ്മയുടെ സഹോദരിയെയും ഇവരുടെ ഭർത്താവിനെയും കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. അടുത്ത 72 മണിക്കൂർ നി൪ണായകമെന്നാണ് കുട്ടിയെ പരിചരിക്കുന്ന ഡോക്ട൪മാ൪ രാത്രി പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. കുട്ടിക്ക് സാരമായി പരിക്കുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ തന്നെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും ഡോക്ടർമാർ പറയുന്നു. പഴംതോട്ടം ആശുപത്രിയിലാണ് കുട്ടിയെ ആദ്യം കൊണ്ടു വന്നത്. അവിടെ നിന്നും ആണ് പിന്നീട് കോലഞ്ചേരിയിലേക്ക് കൊണ്ടു വന്നത്. കുട്ടിയുടെ മുഖത്ത് നല്ല പരിക്കുകളുണ്ടെന്നും തലയോട്ടിക്ക് പൊട്ടലുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ രാത്രിയിൽ മാത്രമല്ല കഴിഞ്ഞ കുറച്ചധികം ദിവസമായി കുട്ടിക്ക് നിരന്തരം പരിക്കേറ്റിരുന്നുവെന്നുമാണ് ഡോക്ടർമാരുടെ നിഗമനം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. രണ്ട് കൈയും ഒടിഞ്ഞ നിലയിലാണ്. കുട്ടി സ്വയം ഏൽപ്പിച്ച പരിക്കാണ് എന്നാണ് അമ്മ നൽകുന്ന മൊഴി. കുന്തിരക്കം കത്തിച്ചപ്പോൾ പൊള്ളിയെന്നാണ് അവർ പറയുന്നത്.