നന്ദിപ്രമേയ ചർച്ച രാവിലെ തുടങ്ങും; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാൻ പ്രതിപക്ഷം, സിപിഐ നിലപാട് തുടരുമോ?

നന്ദിപ്രമേയ ചർച്ച രാവിലെ തുടങ്ങും; ഗവർണറെയും സർക്കാരിനെയും കടന്നാക്രമിക്കാൻ പ്രതിപക്ഷം, സിപിഐ നിലപാട് തുടരുമോ?

തിരുവനന്തപുരം: ഗവർണ്ണറുടെ (Arif Mohammad Khan) നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. ഗവർണ്ണറേയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷ തീരുമാനം. ഗവർണ്ണരും സർക്കാരും തമ്മിൽ ഒത്തു കളിക്കുക ആണെന്നും ബി ജെ പി ഇട നില നിൽക്കുന്നുവെന്നും പ്രതിപക്ഷം സഭയിലും ആരോപിക്കും. ലോകയുക്ത ഓർഡിനേൻസിൽ ഒപ്പിട്ടതും ഹരി എസ് കർത്തായുടെ നിയമനവും നയ പ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ പൊതു ഭരണ സെക്രട്ടറിയെ മാറ്റിയതും പ്രതിപക്ഷം ഉന്നയിക്കും.ഗവർണറോട് ഏറ്റു മുട്ടൽ വേണ്ടെന്നാണ് സിപി എം നിലപാട് എങ്കിൽ ഗവർണർക്ക് എതിരെ കടുപ്പിക്കുന്ന സി പി ഐ സഭക്കുള്ളിലും നിലപാട് ആവർത്തിച്ചേക്കും. ഗവർണ്ണർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകം ആകും. മൂന്നു ദിവസമാണ് ചർച്ച. എൽ ഡി എഫിലെ ഭിന്നത കൂടി മുതലാക്കാൻ ലോകയുക്ത ഓർഡിനേൻസു വിവാദം ആദ്യ ദിനം പ്രതിപക്ഷം അടിയന്തിര പ്രമേയം ആയി ഉന്നയിക്കും.

സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്തവണത്തേത്. പ്രസംഗത്തിൽ ഒപ്പിടാൻ ഗവ‍ർണർ മടികാട്ടിയതുമുതലുള്ള സംഭവങ്ങളുടെ തുടർച്ച സഭയിലും അരങ്ങേറി. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത വെളിവാക്കുന്നതായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിനിടെയുണ്ടായ പ്രതിഷേധവും ബഹിഷ്കരണവും. സർക്കാരിന്‍റെ നേട്ടങ്ങൾ ഗവർൺർ എണ്ണിപ്പറയുമ്പോൾ ബഞ്ചിലടിച്ച് അഭിനന്ദിക്കുകയോ, കൈയടിക്കുകയോ ചെയ്യാതെ അനങ്ങാതെ ഇരുന്നു ഭരണകക്ഷി എംഎൽഎമാർ. നയപ്രഖ്യാപനപ്രസംഗം തന്നെ ബഹിഷ്കരിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. നയപ്രഖ്യാപനത്തിന് ശേഷം എംഎൽഎമാരും ഗവർണറും ചേർന്നുള്ള ഫോട്ടോഷൂട്ടും ഒഴിവാക്കി. ഗവർണർ കയറി വന്ന ഉടൻ പ്രതിപക്ഷം 'ഗവർണർ ഗോ ബാക്ക്' വിളികളും ബാനറുകളുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും ഗവർണർ രോഷാകുലനായി. എന്നാൽ പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധിച്ചു.

ഇത് സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളിയാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ തിരിച്ചടി. പൊതുഭരണസെക്രട്ടറിയുടെ തല വെട്ടി വെള്ളിത്താലത്തിൽ വച്ചുകൊടുത്താണ് സർക്കാർ ഒത്തുതീർപ്പിന് വഴങ്ങിയത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇത്തരത്തിൽ ഒരു പരാമർശം പൊതുഭരണസെക്രട്ടറി നിയമനഉത്തരവിൽ എഴുതില്ല. എന്നിട്ടും ആ ഉദ്യോഗസ്ഥനെ ബലിയാടാക്കിയതെന്തിന് എന്ന് വ്യക്തമാക്കണം, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നാരംഭിക്കുന്ന നന്ദിപ്രമേയ ചർച്ചയും സഭയെ പ്രക്ഷുഭ്ധമാക്കുമെന്നുറപ്പാണ്.