'കെഎസ്‍യുക്കാരനാകരുത്, പാര്‍ട്ടി സെക്രട്ടറിയാകരുത്'; സഭയില്‍ പിണറായി-സതീശന്‍ വാക്പോര്

'കെഎസ്‍യുക്കാരനാകരുത്, പാര്‍ട്ടി സെക്രട്ടറിയാകരുത്'; സഭയില്‍ പിണറായി-സതീശന്‍ വാക്പോര്

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് (Government Law College, Thiruvananthapuram) സംഘര്‍ഷത്തില്‍ ആരോപണവും പ്രത്യാരോപണവുമായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും.ആരോപണങ്ങള്‍ കടുപ്പിച്ച പ്രതിപക്ഷനേതാവിനോട് പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്ന് സതീശനും തിരിച്ചടിച്ചു. പൊലീസ് നോക്കിനില്‍ക്കെ ആയിരുന്നു സംഘര്‍ഷമെന്നും എസ്എഫ്ഐക്കാരെയും ഗുണ്ടകളെയും കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും സതീശന്‍ സഭയില്‍ വിമര്‍ശിച്ചു.

എന്നാല്‍ പഴയ കെഎസ്‍യുക്കാരന്‍റെ മുന്‍കോപമല്ല പ്രതിപക്ഷനേതാവ് കാണിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രബലമായ വിദ്യാര്‍ത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണം.യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പിരിഞ്ഞു പോകാതിരുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. രണ്ട് സംഘടനയില്‍പ്പെട്ടവര്‍ക്കും പരിക്കുണ്ട്. ഗൌരവമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണ് മുഖ്യമന്ത്രി നല്‍കിയതെന്നും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴരുതെന്നും സതീശന്‍ കുറ്റപ്പെടുത്തി.