തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം; ചില വീടുകള്‍ക്ക് വിള്ളല്‍ വീണു

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം; ചില വീടുകള്‍ക്ക് വിള്ളല്‍ വീണു

തിരുവനന്തപുരം: തിരുവനന്തപുരം (Thiruvananthapuram) വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു (Earthquake). ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്. ഉച്ചത്തിലുള്ള മുഴക്കം കേട്ട് ആളുകള്‍ വീടിന് പുറത്തിറങ്ങി. ശബ്ദത്തിന് ശേഷം ചെറിയ തോതില്‍ ചലനം ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. ഭൂചലനത്തില്‍ ആറ് വീടുകള്‍ക്കാണ് പൊട്ടലുണ്ടായത്. കള്ളിക്കാട് ചില വീടുകളുടെ അടുക്കളയില്‍ വച്ചിരുന്ന പാത്രങ്ങള്‍ തറയില്‍ വീഴുകയും ടി വിയുടെ മുകളിലിരുന്ന ഫോട്ടോയും ട്രോഫികളും താഴെ വീണ് പൊട്ടുകയും ചെയ്തു.

പ്രദേശത്ത് നേരിയ ഭൂചലനം ഉണ്ടായെന്ന് സെസിലെ ശാസ്ത്രഞ്ജന്മാരും സ്ഥിരീകരിച്ചു. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാശനഷ്ടങ്ങള്‍ കണക്കാക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.