'മാസ്കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

'മാസ്കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ദില്ലി: മാസ്കും (Mask) സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് (Covid) മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ,  ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം. ഇതിനിടെ, മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് തൽക്കാലം കുറച്ചിട്ടുണ്ട്.മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോ​ഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം.