മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്ലീംലീഗ്; വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരം തുടങ്ങും

മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്ലീംലീഗ്; വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരം തുടങ്ങും

കോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചിരുന്നു എന്നാൽ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു. 

പിഎംഎ സലാമിൻ്റെ വാക്കുകൾ - 
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്ന നിലയിലാണ്.  വ്യാപകമായി അക്രമസംഭവങ്ങൾ നടക്കുന്നു. സർക്കാരിന് ഇതൊന്നും തടയാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. തിരുവനന്തപുരം ലോകത്തിന്റെ തന്നെ ക്രിമിനൽ തലസ്ഥാനമായി മാറി. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം.

സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് വൈരാഗ്യ ബുദ്ധിയാണ്. ഈ പദ്ധതിക്ക് ഒരു ന്യായീകരണമില്ല. ഒന്നിനും വ്യക്തതയുമില്ല. സിൽവർ ലൈൻ പദ്ധതിയിൽ ഒരു ചർച്ചയ്ക്ക് പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല. വിദ്യാഭ്യാസ മേഖലയും  കുത്തഴിഞ്ഞ നിലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൈകൂലി വ്യാപകമാണ്. പാർട്ടി വിധേയത്വം ഈ മേഖലയിൽ പരിഗണിക്കരുത്. സെൽ ഭരണം തിരിച്ചു വന്ന പ്രതീതിയാണ് സംസ്ഥാനത്തുള്ളത്.

കേരളത്തിലെ വിദ്യാർത്ഥികൾ യുക്രയിനിൽ പോയി പഠിക്കാൻ കാരണം ഇവിടെ പഠന സൗകര്യമില്ലാത്തതാണ്. വഖഫ് - പിഎസ്സി വിഷയത്തിൽ അടുത്ത ഘട്ടം സമരം ഉടനെ തുടങ്ങും. ഇതിന്റെ ഭാഗമായി ഈ മാസം 17 ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.

 കോൺഗ്രസിനെ മാറ്റി നിർത്തി ഫാസിസ്റ്റ് പോരാട്ടം സാധ്യമല്ല എന്ന് സിപിഎം തിരിച്ചറിഞ്ഞത് നല്ലതാണ്. മുപ്പത് കൊല്ലം മുൻപ് ലീഗ് ചെയ്ത കാര്യം ആണ്  ഇപ്പോൾ സിപിഎം ചെയ്യുന്നത്. അതിനാൽ അവരുടെ പുതിയ പ്രവർത്തനങ്ങളിൽ ലീഗ് തൃപ്തി  പ്രകടിപ്പിക്കുന്നു. ലീഗിന്റെ പിറകിൽ സിപിഎം വന്നതിൽ സന്തോഷം മാത്രമേയുള്ളൂ. അധികാരത്തിൽ നിന്ന് പോയാലും കോൺഗ്രസ് ശക്തമാണ്. എന്നാൽ അധികാരം പോയാൽ സിപിഎം തകരും. സി പി എമ്മിന്റെ ജനവിരുദ്ധനയങ്ങളെ ലീഗ് എന്നും എതിർത്തിട്ടുണ്ട്. മുന്നണി മാറാൻ ലീഗിന് ആലോചനയില്ല. ആർക്കും അപേക്ഷ നൽകിയിട്ടുമില്ല.

ജലീലിന്റെ അഭിപ്രായ പ്രകടനങ്ങൾ സിപിഎമ്മിൻ്റേതാണ് എന്ന് കാണാനാവില്ല. ഒരു വിവാഹ വീട്ടിൽ വച്ച് കുഞ്ഞാലിക്കുട്ടിയെ ജലീൽ  കണ്ടിട്ടുണ്ട്. നേതാക്കൾ തമ്മിൽ കണ്ടാൽ രാഷ്ട്രീയ സഖ്യമോ ചുവട് മാറ്റമോ ആവില്ല. മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച നടത്തേണ്ട സാഹചര്യം നിലവിലില്ല. യുഡിഎഫ് കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. എന്നാൽ മുന്നണി മാറ്റം ചർച്ചയാക്കി സിപിഎം ഒരു കെണിയാണ് ഒരുക്കുന്നതെങ്കിൽ അവർ തന്നെ അതിൽ കുടുങ്ങും.