തള്ളപ്പുലി പിടിയിലായില്ല; രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി

തള്ളപ്പുലി പിടിയിലായില്ല; രണ്ട് പുലിക്കുഞ്ഞുങ്ങളിലൊന്നിനെ പുലി കൊണ്ടുപോയി

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ (leopard cubs)വച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു കുട്ടിയെ പുലി കൊണ്ടുപോയി. പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ(forest department) മൂന്നാം ദിവസവത്തെ ശ്രമവും ഫലം കണ്ടില്ല. തുടർന്ന് ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. കൂട്ടിനുള്ളിൽ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് സ്മാര്‍ട്ടായ തള്ളപ്പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയത്.

തള്ളപ്പുലിയെ പിടികൂടാനുള്ള ശ്രമത്തില്‍ രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ വയ്ക്കാനുള്ള ഒരുക്കത്തിലാണ് ഫോറസ്റ്റ് വകുപ്പ്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. 

അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. കൂടും ക്യാമറയും സ്ഥാപിച്ചു. 

ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേർന്നു വലിയ കൂടും വച്ചു. മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.