'ശിവന്‍കുട്ടിയെ പോലെ നമുക്ക് ചെയ്യാനാകില്ലല്ലോ?' ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് വി ഡി സതീശന്‍

'ശിവന്‍കുട്ടിയെ പോലെ നമുക്ക് ചെയ്യാനാകില്ലല്ലോ?' ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നു എന്ന് പറഞ്ഞിട്ട് മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌ ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഒരു വശത്ത് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമ്ബോള്‍ മറുവശത്ത് അടപ്പിക്കാനുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. രണ്ടു കിലോ അരി വാങ്ങാന്‍ 500 രൂപയുടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കടയില്‍ പോകേണ്ട അവസ്ഥയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ചട്ടം 300 പ്രകാരം ആരോഗ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുളളവരും കൊവിഡ് വാക്‌സിന്‍ എടുത്തവരും കടകളില്‍ എത്തുന്നതാണ് അഭികാമ്യമെന്നു പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ മന്ത്രി അഭികാമ്യമെന്നു പറഞ്ഞവയെല്ലാം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഉദ്യോ​ഗസ്ഥ ദുഷ്പ്രഭുത്വമാണ് കേരളത്തിലെ കൊവിഡ് നിയന്ത്രിണങ്ങളില്‍ കാണുന്ന അശാസ്ത്രീയത. അത് അടിവരയിടുന്നതാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മന്ത്രിസഭ ഒന്ന് തീരുമാനിക്കുകയും, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒന്ന് തീരുമാനിക്കുകയും അതിന് വിരുദ്ധമായി ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്യുന്നു.

പൊലീസ് ആളുകളെ ക്രൂരമായി ക്രൂശിക്കുകയാണ്. കേരളം ഒരു 'ഫെെന്‍' സിറ്റിയായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഓരോ മാസവും കേരളത്തിലെ പൊലീസിന് ടാര്‍ജറ്റ് കൊടുക്കുന്നത്. പൊലീസ് മേധാവി ഓരോ ജില്ലകള്‍ക്കായി ടാര്‍ജറ്റ് വീതംവച്ച്‌ കൊടുക്കുന്നു. ഈ കൊവിഡ് കാലത്ത് ജനങ്ങള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്ബോള്‍ അവനെ കുത്തിപ്പിഴിഞ്ഞ് ഫെെന്‍ ഈടാക്കാനാണ് പൊലീസ് ഇപ്പോള്‍ നടക്കുന്നത്. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ ആളുകള്‍ക്ക് മീതെ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

നമുക്ക് സഭയുടെ ഫ്ലോറിലല്ലെ പ്രതിഷധിക്കാനാകൂ മന്ത്രി ശിവന്‍കുട്ടി ചെയ്തതുപോലെ ചെയ്യാനാകില്ലല്ലോ എന്നും പ്രതിപക്ഷം സഭയില്‍ വാക്കൗട്ട് നടത്തിയതുമായി ബന്ധപ്പെട്ട് സതീശന്‍ പ്രതികരിച്ചു. നമുക്ക് ജനാധിപത്യപരമായ രീതിയില്‍ നിയമസഭയില്‍ ശക്തമായി പറയാന്‍ പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.