തിരിച്ചടിച്ച് സൗദി; യമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ വ്യോമാക്രമണം

തിരിച്ചടിച്ച് സൗദി; യമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ വ്യോമാക്രമണം

സൗദി: യെമൻ തലസ്ഥാനമായ സനായിലും തുറമുഖ നഗരമായ ഹുദൈദയിലും സൗദിയുടെ പ്രത്യാക്രമണം. ഹുദൈദയിലെ വൈദ്യുതി നിലയവും  ഇന്ധനസംഭരണശാലയും തകർത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു. ജിദ്ദയിലെ അരാംകോ എണ്ണ സംഭരണശാല ഹൂതികൾ ആക്രമിച്ചതിന്  പിന്നാലെയാണ് സൗദിയുടെ തിരിച്ചടി. ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായി അരാംകോ സ്ഥിരീകരിച്ചു. 

പുലർച്ചെയോടെയാണ് ഹൂതികളെ ലക്ഷ്യമിട്ട് സൗദിയും സഖ്യകക്ഷികളും ശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് വ്യക്തമാക്കിയ സൗദി, തുറമുഖ നഗരമായ ഹുദൈദയിൽ ആക്രമണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഹുദൈദയിലെ വൈദ്യുതി നിലയവും ഇന്ധനസംഭരണ ശാലയയുമാണ് സൗദി ലക്ഷ്യമിട്ടതെന്നാണ് വിവരം. യെമൻ തലസ്ഥാനമായ സനയിലും സൗദി വ്യോമാക്രമണം നടത്തുന്നുണ്ട്. തങ്ങളുടെ ഇന്ധനശാലകളെ സുരക്ഷിതമാക്കാനുള്ള നടപടിയാണ് നടക്കുന്നതെന്നും ശത്രുക്കളെ ഉൻമൂലനം ചെയ്യുമെന്നും സൗദി വ്യക്തമാക്കി. 

ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുമെന്നും എന്നാൽ ഇന്ധന സംഭരണശാലകൾക്ക് സമീപത്ത് നിന്ന് മാറണമെന്നും യെമനികൾക്ക് മുന്നറിയിപ്പ് നൽകിയതായി സൗദി സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസി അറിയിച്ചു. ജിദ്ദയിലെ അരാംകോ എണ്ണ സംഭരണ ശാലയ്ക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയുടെ തിരിച്ചടി. 

16 ഡ്രോണുകളും ഒരു മിസൈലുമാണ് അരാംകോയെ ലക്ഷ്യമാക്കി എത്തിയത്. മിസൈൽ പതിച്ചതിന് പിന്നാലെ എണ്ണ സംഭരണശാലയിൽ വൻ സ്ഫോടനം ഉണ്ടായി. രണ്ട് ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചതായി സൗദി സ്ഥിരീകരിച്ചു. സൗദിയെ ലക്ഷ്യമാക്കി നേരത്തെയും ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയിരുന്നെങ്കിലും ചെറുക്കാൻ സൗദിക്കായിരുന്നു.