റൊമാനിയ അതിർത്തി വഴി ഇന്ത്യൻ രക്ഷാദൗത്യം, 240 പേരുടെ സംഘം ബുക്കാറസ്റ്റ് വിമാനത്താവളത്തിലെത്തി

റൊമാനിയ അതിർത്തി വഴി ഇന്ത്യൻ രക്ഷാദൗത്യം, 240 പേരുടെ സംഘം ബുക്കാറസ്റ്റ് വിമാനത്താവളത്തിലെത്തി

കീവ് : യുക്രൈനിലെ (Ukraine) ഇന്ത്യൻ വിദ്യാർത്ഥികളെ (Indian Students) അതിർത്തി രാജ്യങ്ങളിലേക്ക് എത്തിച്ച് തിരികെയെത്തിക്കാനുള്ള ഇന്ത്യൻ ശ്രമം പുരോഗമിക്കുന്നു. മൂന്ന് ബസുകളിലായി റൊമാനിയയിലേക്ക് പോയ വിദ്യാർത്ഥികൾ ബുക്കാറസ്റ്റ് വിമാനത്താവളത്തിൽ എത്തി. ഇവരുടെ പരിശോധന നടക്കുകയാണ്. പരിശോധനകൾക്ക് ശേഷം എയർപോർട്ടിലേക്ക് കടത്തി വിടും. മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘത്തിൽ 240 പേരാണുള്ളത്. 

അതേ സമയം, പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോളണ്ട് അതിർത്തിയിലെ രണ്ടു പോയിൻറുകൾ വഴിയേ ഇന്ത്യക്കാർക്ക് അനുവാദമുള്ളു. ഈ അതിർത്തി പോയിന്റുകളിലാണ് എംബസി അധികൃതരുള്ളതെന്നാണ് എംബസിയുടെ വിശദീകരണം.

'കൊടും തണുപ്പിൽ 28 കിലോ മീറ്റർ നടന്നെത്തിയതാ, പക്ഷേ അതിർത്തി കടത്തുന്നില്ല, ആശങ്കയോടെ മലയാളി വിദ്യാർത്ഥികൾ

വിദ്യാർത്ഥികൾ ഒന്നിച്ച് പോളണ്ട് അതിർത്തിയിൽ എത്തുന്നത് ഒഴിവാക്കണമെന്ന് പോളണ്ടിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചു. രണ്ടു പോയിൻറുകൾ വഴിയേ ഇന്ത്യക്കാർക്ക് അനുവാദമുള്ളു
.ആ പോയിന്റുകളിലേക്ക് എത്താൻ ശ്രമിക്കണം. രാത്രി എത്തുന്നത് ഒഴിവാക്കണം. സുരക്ഷിതമെങ്കിൽ തല്ക്കാലം താമസസ്ഥലങ്ങളിൽ തുടരണമെന്നും എംബസി
 നിർദ്ദേശിക്കുന്നു. 

മുൻകൂട്ടി അറിയിക്കാതെ വിദ്യാർത്ഥികൾ  അതിർത്തികളിൾ എത്തരുതെന്നും കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശിക്കുന്നു. അതിർത്തികളിൽ സ്ഥിതി മെച്ചമല്ല. മുന്‍കൂട്ടി അറിയിക്കാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ സഹായിക്കുന്നതില്‍ എംബസി വലിയ പ്രതിസന്ധി നേരിടുകയാണ്. യുക്രൈനിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ ഉള്ളവര്‍ താരതമ്യേന സുരക്ഷിതരാണെന്നും അവര്‍ സ്ഥലത്ത് തുടരുന്നതാണ് നല്ലതെന്നും എംബസി അറിയിച്ചിട്ടുണ്ട്. മറ്റ് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ യുക്രൈന്‍റെ കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ സ്ഥലത്ത് തുടരണം. 


പോളണ്ടിലെ ഇന്ത്യന്‍ എംബസിയുടെ അഞ്ച് നിര്‍ദ്ദേശങ്ങള്‍

1. എംബസി അനുമതിയോടെ മാത്രം അതിര്‍ത്തിയിലേക്ക് യാത്ര

2. ഒന്നിച്ച് പോളണ്ട് അതിര്‍ത്തിയിലെത്തുന്നത് ഒഴിവാക്കണം

3.രണ്ട് പോയിന്‍റുകള്‍ വഴിയേ ഇന്ത്യക്കാര്‍ക്ക് അനുവാദമുള്ളു

4. സുരക്ഷിതമെങ്കില്‍ തല്‍ക്കാലം താമസസ്ഥലങ്ങളില്‍ തുടരണം

5. രാത്രി എത്തുന്നത് ഒഴിവാക്കണം