നാടിനെ ഒന്നടങ്കo വിറപ്പിച്ച കൊലപാതകം

നാടിനെ ഒന്നടങ്കo വിറപ്പിച്ച കൊലപാതകം

അടിമാലി: ബിനോയിയുമായി അകലാന്‍ശ്രമിച്ചതാണ് പണിക്കന്‍കുടിയിലെ സിന്ധുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനകള്‍ ലഭിക്കുന്നു.

സിന്ധു അടുത്തിടെ തന്റെ ഭര്‍ത്താവിനെ കാണാന്‍ പോയിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും മടങ്ങിവന്നില്ല. ഇതേച്ചൊല്ലി ബിനോയിയും സിന്ധുവും തമ്മില്‍ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇളയമകനെ കൊലപ്പെടുത്തുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് സിന്ധു വീണ്ടും പണിക്കന്‍കുടിയില്‍ എത്തിയത്. ഈ വിവരങ്ങള്‍ കഴിഞ്ഞ മാസം 11-ന് സിന്ധു മകളോട് പറഞ്ഞിരുന്നു.

ഇതിനുശേഷമാണ് ഈ ക്രൂരകൃത്യം ബിനോയി നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ബിനോയി ഉടന്‍ പോലീസിന്റെ പിടിയിലാകുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

മൃതദേഹം കുഴിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ അമ്മയുടെ മുക്കുത്തി കണ്ട് ഇളയ മകന്‍ അഖില്‍ മൃതദേഹം തിരിച്ചറിഞ്ഞു. ജീര്‍ണിച്ച്‌ വിവസ്ത്രയായി ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മൂടിയിരുന്നു. കുഴിയിലാകമാനം മുളക് പൊടി വിതറിയിട്ടുണ്ട്. പുതിയ അടുപ്പുതറ പണിത് അതിന് നടുവില്‍ വൃത്തത്തില്‍ കുഴി ഉണ്ടാക്കി അതില്‍ മൃതദേഹം ഇറക്കിവെച്ച്‌ മണ്ണിട്ട് മൂടുകയായിരുന്നു. ഇതിന് മുകളില്‍ അടുപ്പ് നിര്‍മിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന ബിനോയി ഈ അടുപ്പില്‍ ഭക്ഷണം പാകംചെയ്ത് കഴിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒളിവില്‍ പോയ വീട്ടുടമയായ പണിക്കന്‍കുടി മാണികുന്നേല്‍ ബിനോയിക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.