പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

കൊച്ചി: കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു.